പരാജയമറിയാതെ സെമി ഫൈനലിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.
ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ ഇതിലും മികച്ച ഒരു അവസരം ഇനി ലഭിക്കാനില്ലെന്നും ഇത്തവണ അതിന് സാധിച്ചില്ലെങ്കില്‍ ഇനിയും മൂന്ന് ലോകകപ്പുകള്‍ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് പ്രയറി ഫയര്‍ പോഡ്കാസ്റ്റിനോടായിരുന്നു ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. മൈക്കല്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ് എന്നിവരും ശാസ്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു.
‘രാജ്യമിപ്പോള്‍ ആവേശത്താല്‍ അലതല്ലുകയാണ്. 12 വര്‍ഷം മുമ്പാണ് ഇന്ത്യ അവസാനമായി ലോകകപ്പില്‍ മുത്തമിട്ടത്. ഇത്തവണ ആ നേട്ടം വീണ്ടും ആവര്‍ത്താക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഇന്ത്യക്ക് മുമ്പിലുള്ളത്.
ഈ ലോകകപ്പില്‍ കളിക്കുന്ന രീതി വെച്ചു നോക്കിയാല്‍ ഇതിലും വലിയ അവസരം ഇന്ത്യക്ക് വേറെ ലഭിക്കാനില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിരീടം കൈവിട്ടാല്‍ ഇനിയൊരു മൂന്ന് ലോകകപ്പെങ്കിലും അവര്‍ കാത്തിരിക്കേണ്ടിവരും.
മറ്റൊരു ലോകകപ്പ് വിജയിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. കാരണം ടീമിലെ ഏഴോ എട്ടോ താരങ്ങള്‍ അവരുടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്.
നിലവിലെ സാഹചര്യങ്ങളും കളിക്കാരുടെ ഫോമും പരിഗണിക്കുമ്പോള്‍ ഇതാണ് ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരം. അതിനുള്ള ടീം ഇന്ത്യക്കൊപ്പമുണ്ട്,’ ശാസ്ത്രി പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പേസ് നിരയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ലൈനപ്പ് എന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
ഇത് ഒറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യമല്ല. കഴിഞ്ഞ നാലഞ്ച് വര്‍ഷക്കാലം ഒന്നിച്ച് കളിച്ചതുകൊണ്ട് രൂപപ്പെട്ട കെമിസ്ട്രിയാണത്. സിറാജ് ഈ സംഘത്തിലെത്തിയിട്ട് മൂന്ന് വര്‍ഷം ആകുന്നതേയുള്ളൂ.