'മുസ്‌ലിമാണല്ലേ, അപ്പോ കൊച്ചിയില്‍ ബുദ്ധിമുട്ടായിരിക്കും'; വാടകക്ക് ഫ്ലാറ്റ് കിട്ടാത്ത അനുഭവം പങ്കുവെച്ച് പുഴുവിന്റെ സംവിധായക റത്തീന
Movie Day
'മുസ്‌ലിമാണല്ലേ, അപ്പോ കൊച്ചിയില്‍ ബുദ്ധിമുട്ടായിരിക്കും'; വാടകക്ക് ഫ്ലാറ്റ് കിട്ടാത്ത അനുഭവം പങ്കുവെച്ച് പുഴുവിന്റെ സംവിധായക റത്തീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th January 2022, 10:54 pm

കൊച്ചി: മുസ്‌ലിമാണെന്ന കാരണത്താല്‍ ഫ്‌ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം പുഴുവിന്റെ സംവിധായിക റത്തീന ഷെര്‍ഷാദ്.

മുസ്‌ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, സിനിമയില്‍ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ കൊച്ചിയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന് രത്തീന. ഫേസ്ബുക്കിലൂടെയാണ് അനുഭവം പങ്കുവെച്ചത്

‘റത്തീന പറയുമ്പോ? മുസ്‌ലിം അല്ലല്ലോ ല്ലേ?
യെസ് ആണ്.
ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!

കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുമ്പും ഇത് അനുഭവിച്ചിട്ടുള്ളതാണ്. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി
സിനിമായോ, നോ നെവര്‍
അപ്പോപിന്നെ മേല്‍ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
ബാ.. പോവാം….. എല്ലാ പുരുഷന്മാരും അല്ല എന്ന് പറയുന്ന പോലെ എല്ലാ ഉടമസ്ഥരും എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം,’ റത്തീന ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന റത്തീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമലോകം കാത്തിരിക്കുന്നത്.

ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നടി രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചയാളാണ് റത്തീന.

ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആകാംക്ഷയുണര്‍ത്തുന്ന ബി.ജി.എമ്മും നിഗൂഢതയുണര്‍ത്തുന്ന മമ്മൂട്ടിയുടെ ക്യാരക്ടറുമാണ് ടീസറിലുള്ളത്. വിധേയനും പാലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തിലെത്തുന്നു എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.

പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് ചിത്രത്തെ പറ്റി മമ്മൂട്ടി പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.