ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഏക മലയാളി എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് റസൂല്‍ പൂക്കുട്ടി. സൗണ്ട് ഡിസൈനര്‍ എന്ന പദവിയില്‍ നിന്നും മാറി ഇപ്പോള്‍ സംവിധായകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി.
എഴുത്തുകാരന്‍ ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്ന പുസ്തകമാണ് ഇദ്ദേഹം സിനിമയാക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ തുറന്നുപറയുകയാണ് റസൂല്‍ പൂക്കുട്ടി. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.
പുസ്തകത്തിന്റെ പകര്‍പ്പവകാശം ആനന്ദ് അനുഗ്രഹിച്ച് തന്നിട്ടുണ്ടെന്നും സിനിമ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമയ്ക്ക് പറ്റിയ നടന്‍ മമ്മൂട്ടിയാണെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സംവിധാനത്തിന് പുറമെ വൈകാതെ തന്നെ ഒരു സിനിമ നിര്‍മിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‌കാരം നേടിയത് റസൂല്‍ പൂക്കുട്ടിയാണ്. ‘ഒത്ത സെരുപ്പ് സൈസ് 7’ തമിഴ് ചിത്രമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. പുരസ്‌കാര നേട്ടത്തിലുള്ള സന്തോഷവും റസൂല്‍ പൂക്കുട്ടി പങ്കുവെച്ചു.