പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ ഡോക്ടറുടെ സേവനം ആവശ്യമാണ്: റാഷിദ് ലത്തീഫ്
Sports News
പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ ഡോക്ടറുടെ സേവനം ആവശ്യമാണ്: റാഷിദ് ലത്തീഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th September 2024, 10:47 pm

പാകിസ്ഥാനെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ വിജയമാണ് ബംഗ്ലാദേശ് നേടിയത്. രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെ വിജയവും രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയവുമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ പാകിസ്ഥാന്റെ മോശം പ്രകടനം ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ച് സംസാരിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ ഐ.സി.യുവിലാണെന്നും ടീമിന് ഇനി പഴയപോലെയാവാന്‍ പ്രൊഫഷണല്‍ ട്രെയിനര്‍മാരെ ആവശ്യമാണെന്നും മുന്‍ താരം പറഞ്ഞു.

‘പാകിസ്ഥാന്‍ ക്രിക്കറ്റ് നിലവില്‍ ഐ.സി.യുവിലാണ്. ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ ഡോക്ടറുടെ സേവനം ടീമിന് അത്യാവശ്യമായ സാഹചര്യമാണ്. സാമ്പത്തികമായും ഭൗതികമായും കാര്യങ്ങള്‍ മാറ്റിയെടുക്കാന്‍ പാക് ടീമിന് പ്രൊഫഷണലുകളെ ആവശ്യമാണ്. ട്രെയിനര്‍മാരടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ ടീമിന് ആവശ്യമാണ്. ഫീല്‍ഡിനകത്തും പുറത്തും പാകിസ്ഥാന് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നമുക്ക് മനസിലാവും,’ റാഷിദ് ലത്തീഫ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റില്‍ വളരെ മോശം പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ചവെക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും ഗ്രൂപ്പ് മത്സരങ്ങളില്‍ പാകിസ്ഥാന് പുറത്താകേണ്ടി വന്നിരുന്നു.

 

Content Highlight: Rashid Latif Talking About Pakistan Cricket