Entertainment news
പ്രതിഫലം വാങ്ങാന്‍ കൂട്ടാക്കാത്ത തനി തല്ലിപ്പൊളി ജേക്കബേട്ടന്‍ ആയിമാറി അദ്ദേഹം; സിദ്ദിഖിനെ കുറിച്ച് രഞ്ജിത് ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 25, 06:12 am
Saturday, 25th September 2021, 11:42 am

മലയാളത്തിലെ ഹിറ്റ് കോംബോകളിലൊന്നായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് സണ്ണി. സെപ്റ്റംബര്‍ 23ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ ജേക്കബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിഖിനെ കുറിച്ച് പറയുകയാണ് രഞ്ജിത് ശങ്കര്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സംവിധായകന്‍ സിദ്ദിഖിനെ കുറിച്ച് പറയുന്നത്.

സണ്ണി നിറഞ്ഞ മനസ്സോടെ സ്വീകരിക്കപ്പടുമ്പോള്‍ നന്ദി പറയേണ്ട ഒരുപാട് പേരുണ്ടെന്നും, അതില്‍ നടന്‍ സിദ്ദിഖിനോടാണ് നന്ദി പറയേണ്ടതെന്നുമാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്.

‘സണ്ണിയിലെ ജേക്കബ് ആവാന്‍ ഇക്കയെ വിളിക്കാന്‍ എനിക്ക് മടി ആയിരുന്നു. ആദ്യമായി ചെയ്യുന്ന പടത്തില്‍ ഇത്ര ചെറിയ ഒരു വേഷം, അതും ശബ്ദം മാത്രം. പക്ഷേ ആ കഥാപാത്രം വര്‍ക്കാവാന്‍ അത് പോലെ ഒരു നടന്‍ വേണമെന്നും ഉറപ്പായിരുന്നു.

ഒടുവില്‍ ജയന്‍ ആണ് ഇക്കയെ വിളിക്കുന്നത്.അദ്ദേഹം അന്ന് തന്നെ എന്നെ വിളിച്ചു ജേക്കബിനെ കുറിച്ച് അന്വേഷിച്ചു. എപ്പോള്‍ ഡബ്ബ് ചെയ്യാന്‍ വരണം എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു ഫോണ്‍ വെച്ചു,’ രഞ്ജിത് ശങ്കര്‍ പറയുന്നു.

ഡബ്ബിംഗിനായി കൃത്യ സമയത്ത് തന്നെ ഇക്ക വന്നു, ജേക്കബിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ചെയതു. ശേഷം ജേക്കബിന്റെ ആദ്യ ഡയലോഗ് ആറ് വ്യത്യസ്ത രീതിയില്‍ ചെയ്തു കാണിച്ചു, ആറ് വ്യത്യസ്ത ജേക്കബുമാരെയാണ് താന്‍ അപ്പോള്‍ കണ്ടത്. രഞ്ജിത് പറഞ്ഞു.

ചെയ്തു വെച്ച ആറെണ്ണത്തില്‍ ഏത് വേണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചെന്നും, എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം സിദ്ദിഖ് പ്രതിഫലം വാങ്ങാന്‍ കൂട്ടാക്കാത്ത തനി തല്ലിപ്പൊളി ജേക്കബേട്ടന്‍ ആയെന്നും അദ്ദേഹം പറയുന്നു.

അതിന് ശേഷം അദ്ദേഹം സിനിമയുടെ ഓരോ വിശേഷങ്ങളും കൃത്യമായി വിളിച്ചന്വേഷിച്ചിട്ടുണ്ടായിരുന്നെന്നും, സിനിമ കണ്ട ശേഷം വിളിച്ച് അഭിനന്ദിച്ചെന്നും കുറിപ്പില്‍ പറയുന്നു.

‘മുഖമില്ലാത്ത, ശബ്ദം കൊണ്ട് മാത്രം ഒരു കഥാപാത്രത്തെ വിജയിപ്പിക്കുക എന്നത് ഒരു നടന്റെ ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്.

സണ്ണി കണ്ടപ്പോള്‍ എവിടെയോ ഉള്ള ക്രൂരനായ ജേക്കബ് ഏട്ടനെ കൂടെ നിങ്ങള്‍ കണ്ടെങ്കില്‍ അതിനു നന്ദി പറയേണ്ടത് സിദ്ദിഖ് ഇക്കയോടാണ്,’ എന്ന് പറഞ്ഞാണ് സംവിധായകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ranjith Shankar about Sidhique