Sports News
ഫൈനലില്‍ കേരളത്തിന് ലീഡ് നല്‍കാതിരുന്നവന്‍ തിരുത്തിക്കുറിച്ചത് രഞ്ജിയുടെ ചരിത്രം; ഐതിഹാസിക നേട്ടത്തില്‍ ദുബെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 28, 01:42 pm
Friday, 28th February 2025, 7:12 pm

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. വിദര്‍ഭ ഉയര്‍ത്തിയ ആദ്യ ഇന്നിങ്സ് ടോട്ടലായ 379 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം 342 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഹോം ടീമിന് ലഭിച്ചത്.

സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

വിദര്‍ഭ: 379 (123.1)
കേരളം: 342 (125)

ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ ഹര്‍ഷ് ദുബെയാണ് വിദര്‍ഭ നിരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത്. 11 മെയ്ഡന്‍ ഓവറുകളടക്കം 44 ഓവര്‍ പന്തെറിഞ്ഞ താരം 88 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. 2.00 ആണ് താരത്തിന്റെ എക്കോണമി.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടവും ദുബെയുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു രഞ്ജി ട്രോഫി സീസണില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്ന നേട്ടമാണ് ദുബെ സ്വന്തമാക്കിയത്. കേരളത്തിനെതിരായ മൂന്ന് വിക്കറ്റ് നേട്ടത്തിന് പിന്നാലെ 63 വിക്കറ്റുകളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.

ഒരു രഞ്ജി സീസണില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം

(താരം – ടീം – മത്സരം – ഇന്നിങ്‌സ് – വിക്കറ്റ് – സീസണ്‍ എന്നീ ക്രമത്തില്‍)

ഹര്‍ഷ് ദുബെ – വിദര്‍ഭ – 10* – 19 – 69* – 2024/25

അശുതോഷ് അമന്‍ – ബീഹാര്‍ – 8 – 14 – 68 – 2018/19

ജയ്‌ദേവ് ഉനദ്കട് – സൗരാഷ്ട്ര – 10 – 16 – 67 – 2019/20

കന്‍വല്‍ജിത് സിങ് – ഹൈദരാബാദ് – 11 – 20 – 59 – 1999/20

ധര്‍മേന്ദ്ര സിങ് ജഡേജ – സൗരാഷ്ട്ര – 11 – 19 – 59 – 2018/19

അതേസമയം, കേരളത്തിനെതിരായ മത്സരത്തില്‍ ദുബെക്ക് പുറമെ പാര്‍ത്ഥ് രേഖാഡെ, ദര്‍ശന്‍ നല്‍ക്കണ്ഡേ എന്നിവരും മൂന്ന് വിക്കറ്റ് വീതം നേടിയിരുന്നു. യാഷ് താക്കൂറാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

131ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് കേരളം മൂന്നാം ദിവസം ആരംഭിച്ചത്. 120 പന്തില്‍ 66 റണ്‍സുമായി ആദിത്യ സര്‍വാതെയും 23 പന്തില്‍ ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിനായി ഇന്നിങ്സ് പുനരാരംഭിച്ചത്.

ടീം സ്‌കോര്‍ 170ല്‍ നില്‍ക്കവെ സര്‍വാതെയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായിരുന്നു. 185 പന്തില്‍ 79 റണ്‍സ് നേടിയാണ് സര്‍വാതെ മടങ്ങിയത്. 10 ഫോറുമായി മികച്ച രീതിയില്‍ ഇന്നിങ്സ് പടുത്തുയര്‍ത്തവെ ഹര്‍ഷ് ദുബെയുടെ പന്തില്‍ ഡാനിഷ് മലേവറിന് ക്യാച്ച് നല്‍കിയാണ് സല്‍വാതെയുടെ മടക്കം.

പിന്നാലെയെത്തിയ സല്‍മാന്‍ നിസാറിനെ ഒപ്പം കൂട്ടി സച്ചിന്‍ ബേബി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എന്നാല്‍ ആ കൂട്ടുകെട്ടിനും അധികം ആയുസുണ്ടായിരുന്നില്ല. 219ല്‍ നില്‍ക്കവെ സല്‍മാന്‍ നിസാറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ഹര്‍ഷ് ദുബെ വീണ്ടും കേരളത്തെ ഞെട്ടിച്ചു.

പിന്നാലെയെത്തിയ മുഹമ്മദ് അസറുദ്ദീനെയും ജലജ് സക്സേനയെയും ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ചെറുതും വലുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയിരുന്നു. അസര്‍ 59 പന്തില് 34 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 76 പന്ത് നേരിട്ട് 28 റണ്‍സുമായാണ് ജലജ് പുറത്തായത്.

ഇതിനിടെ സച്ചിന്‍ ബേബിയുടെ വിക്കറ്റും കേരളത്തിന് നഷ്ടപ്പെട്ടിരുന്നു. കരിയറിലെ 100ാം ഫസ്റ്റ് ക്ലാസ് മത്സരത്തില്‍, കേരളത്തിന്റെ ചരിത്ര ഫൈനലില്‍ താരം നൂറടിക്കുമെന്ന് കരുതിയെങ്കിലും അര്‍ഹിച്ച സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ ക്യാപ്റ്റനെ വിദര്‍ഭ മടക്കി. 235 പന്തില്‍ 98 റണ്‍സുമായി നില്‍ക്കവെ പാര്‍ത്ഥ് രേഖാഡെയുടെ പന്തില്‍ കരുണ്‍ നായരിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഒടുവില്‍ 342ന് കേരളം പുറത്താവുകയും വിദര്‍ഭ നിര്‍ണായക ലീഡ് സ്വന്തമാക്കുകയുമായിരുന്നു.

 

Content Highlight: Ranji Trophy:  KER vs VID:  Vidarbha’s Harsh Dubey has broken the record for most wickets in a Ranji Trophy season