സഞ്ജുവിന് പരിക്കോ? തിരിച്ചടികളുടെ ഘോഷയാത്ര; ഒടുവില്‍ ടോസ് വീണെങ്കിലും ആരാധകര്‍ക്ക് നിരാശ
Sports News
സഞ്ജുവിന് പരിക്കോ? തിരിച്ചടികളുടെ ഘോഷയാത്ര; ഒടുവില്‍ ടോസ് വീണെങ്കിലും ആരാധകര്‍ക്ക് നിരാശ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th October 2024, 4:37 pm

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗാള്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ആദ്യ ദിനം പൂര്‍ണമായും നഷ്ടമായ മത്സരത്തില്‍ രണ്ടാം ദിനം മൂന്നാമത്തെ സെഷനിലാണ് ടോസ് പോലും സാധ്യമായത്.

അതേസമയം, സഞ്ജു സാംസണിന്റെ പ്രകടനത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ട് ബംഗാളിനെതിരായ പ്ലെയിങ് ഇലവനില്‍ സഞ്ജു ഇടം നേടിയിട്ടില്ല. പരിക്ക് മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സഞ്ജു കളത്തിലിറങ്ങാത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ കേരളത്തിനായി സഞ്ജുവിന്റെ ബാറ്റിങ് കാണാം എന്ന പ്രതീക്ഷിച്ച ആരാധകര്‍ക്ക് പൂര്‍ണ നിരാശ മാത്രമാണ് ലഭിക്കുന്നത്. കര്‍ണാടകയ്‌ക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ബംഗാളിനെതിരെ പ്ലെയിങ് ഇലവനില്‍ ഇടം നേടാനും സഞ്ജുവിന് സാധിച്ചിട്ടില്ല.

കേരളത്തിന്റെ അടുത്ത മത്സരത്തിലും സഞ്ജു ടീമിനൊപ്പം ഉണ്ടാകില്ല. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടീമിന്റെ ഭാഗമായതോടെയാണ് നംവബര്‍ ആറിന് ഉത്തര്‍പ്രദേശിനെതിരെ ആരംഭിക്കുന്ന മത്സരത്തിലും സഞ്ജു ഉണ്ടാകില്ല എന്ന് ഉറപ്പായിരിക്കുന്നത്. നവംബര്‍ എട്ട് മുതലാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പര ആരംഭിക്കുന്നത്.

നിലവില്‍ ആദ്യം ബാറ്റ് ചെയ്യുന്ന കേരളത്തിന് തുടക്കം പാളിയിരിക്കുകയാണ്. നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 38ന് നാല് വിക്കറ്റ് എന്ന നിലയിലാണ് കേരളം. വത്സല്‍ ഗോവിന്ദ് (30 പന്തില്‍ അഞ്ച്), രോഹന്‍ എസ്. കുന്നുമ്മല്‍ (22 പന്തില്‍ 23), ബാബ അപരാജിത് (ഗോള്‍ഡന്‍ ഡക്ക്), ആദിത്യ സര്‍വാതെ (എട്ട് പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് ഇതിനോടകം തന്നെ നഷ്ടമായത്.

അക്കൗണ്ട് തുറക്കാതെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.

കേരള പ്ലെയിങ് ഇലവന്‍

വത്സല്‍ ഗോവിന്ദ്, രോഹന്‍ എസ്. കുന്നുമ്മല്‍, ബാബ അപരാജിത്, ആദിത്യ സര്‍നാതെ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, മുഹമമ്ദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), നിധീഷ് എം.ഡി, സല്‍മാന്‍ നിസാര്‍.

ബംഗാള്‍ പ്ലെയിങ് ഇലവന്‍

ശിവം ദേ, സുദീപ് ചാറ്റര്‍ജി, സുദീപ് കുമാര്‍ ഘരാമി, അനുഷ്ടുപ് മജുംദാര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അവിലിന്‍ ഘോഷ്, ഷഹബാസ് അഹമ്മദ്, പ്രദീപ്ത പ്രമാണിക്, സൂരജ് സിന്ധു ജെയ്‌സ്വാള്‍, മുഹമ്മദ് കൈഫ്, ഇഷാന്‍ പോരല്‍.

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ നിലവില്‍ കേരളം രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരം അവസാനിച്ചപ്പോള്‍ ഒരു ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് കേരളത്തിനുള്ളത്.

സ്വന്തം തട്ടകമായ തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കേരളം നേടിയത്. രണ്ടാം ഇന്നിങ്സില്‍ പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു.

ആദിത്യ സര്‍വാതെയുടെയും ജലജ് സക്‌സേനയുടെയും മികച്ച ബൗളിങ് പ്രകടനങ്ങളാണ് കേരളത്തിന് ആദ്യ ജയം സമ്മാനിച്ചത്.

അതേസമയം, കേരളത്തിന് തൊട്ടുതാഴെ മൂന്നാം സ്ഥാനത്താണ് ബംഗാള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. നാല് പോയിന്റാണ് ടീമിന് നിലവിലുള്ളത്.

ആദ്യ മത്സരത്തില്‍ മൂന്ന് പോയിന്റാണ് ബംഗാളിന് ലഭിച്ചത്. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയതോടെയാണ് മത്സരം സമനിലയില്‍ പിരിഞ്ഞിട്ടും മജുംദാറിനും സംഘത്തിനും മേല്‍ക്കൈ ലഭിച്ചത്.

എന്നാല്‍, ദുര്‍ബലരായ ബീഹാറിനെതിരായ മത്സരമാകട്ടെ ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.

ആദ്യ ജയം തേടിയാണ് ബംഗാള്‍ കേരളത്തിനെതിരെ കളത്തിലിറങ്ങിയത്. അതേസമയം, കേരളമാകട്ടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ആദ്യ സ്ഥാനങ്ങള്‍ കൈവിടാതെ കാക്കാനാണ് ഒരുങ്ങുന്നത്.

 

Content Highlight: Ranji Trophy: KER vs BEN: Sanju Samson not included in playing eleven