Sports News
പ്രതീക്ഷ കൈവിടാതെ കേരളം; ക്യാപ്റ്റന് നഷ്ടമായത് അര്‍ഹിച്ച സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 28, 10:41 am
Friday, 28th February 2025, 4:11 pm

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയും കേരളവും തമ്മിലുള്ള തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. വി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് നേടിയത്. വിദര്‍ഭ  ആദ്യ ഇന്നിങ്സില്‍ നേടിയ 379 റണ്‍സ് മറികടന്ന് ലീഡിലെത്താന്‍ കേരളം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

കേരളത്തിന് വേണ്ടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ്. 235 പന്തില്‍ 10 ഫോര്‍ അടക്കം 98 റണ്‍സ് നേടിയാണ് സച്ചിന്‍ പുറത്താകുന്നത്. തന്റെ 100ാം ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ മിന്നും സെഞ്ച്വറിയാണ് വെറും രണ്ട് റണ്‍സിന് സച്ചിന് നഷ്ടപ്പെട്ടത്. നിലവില്‍ ടീമിന് വേണ്ടി ജലജ് സ്‌ക്‌സേന 24 റണ്‍സും ഈഡന്‍ ആപ്പിള്‍ ടോം അഞ്ച് റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്.

ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് മൂന്നാമനായി ഇറങ്ങിയ ആദിത്യ സര്‍വാതെ കളം വിട്ടത്. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിനും രോഹന്‍ കുന്നുമ്മല്‍ പൂജ്യം റണ്‍സിനും പുറത്തായപ്പോള്‍ 185 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയാണ് സര്‍വാതെ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 10 ഫോറാണ് താരം തന്റെ ഇന്നിങ്സില്‍ നിന്ന് നേടിയത്.

നാലാമനായി ഇറങ്ങിയ അഹമ്മദ് ഇമ്രാനെ കൂട്ട് പിടിച്ച് നിര്‍ണായക ഘട്ടത്തിലാണ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇരുവരും മുന്നോട്ട് നിങ്ങിയത്. 83 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സ് നേടാനാണ് ഇമ്രാന് സാധിച്ചത്. ക്രീസില്‍ നിലയുറയ്ക്കുമെന്ന് കരുതിയ സല്‍മാന്‍ നിസാര്‍ 21 റണ്‍സിനാണ് കൂടാരം കയറിയത്.

മത്സരത്തില്‍ വിദര്‍ഭയ്ക്ക് വേണ്ടി ദര്‍ശന്‍ നാല്‍ക്കണ്ഡെ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടിയിട്ടുണ്ട്. ഹര്‍ഷ് ദുബെ രണ്ട് വിക്കറ്റും അക്ഷയ് കര്‍ണേവാര്‍ ഒരു വിക്കറ്റും നേടി.കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്.

വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ വിദര്‍ഭയ്ക്കെതിരെ ലീഡ് നേടിയാലെ കേരളത്തിന് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ. ദിവസം മുഴുവന്‍ പിടിച്ചുനില്‍ക്കുകയല്ലാതെ കേരളത്തിന് വേറെ വഴിയില്ല.

 

Content highlight: Ranji Trophy Final: Kerala VS Vidarbha Match Update