Entertainment
ഇവരൊക്കെ കള്ളന്മാരാണ്, റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിച്ച് ഡ്രമാറ്റിക്കായുള്ള സിനിമകളാണ് ചെയ്തിരിക്കുന്നത്: രഞ്ജൻ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 30, 06:23 pm
Tuesday, 30th May 2023, 11:53 pm

മഹേഷിന്റെ പ്രതികാരം ഒരു പ്രകൃതി പടം ആണെന്നുള്ള പരാമർശങ്ങൾ പല കോണിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ദിലീഷ് പോത്തന്റെ മറ്റ് ചിത്രങ്ങൾക്കും ഈ പേര് വീണിരുന്നു. എന്നാൽ ഈ വിഷയത്തിൽ മറുപടി നൽകുകയാണ് സംവിധായകൻ രഞ്ജൻ പ്രമോദ്.

മഹേഷിന്റെ പ്രതികാരം ഒരു ക്ലാസിക് സിനിമ ആണെന്നും അത് ഒരിക്കലും ഒരു റിയലിസ്റ്റിക് സിനിമ അല്ലെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. മലയാളത്തിൽ രക്ഷാധികാരി ബൈജു മാത്രമാണ് റിയലിസ്റ്റിക് സിനിമയുടെ ജോണറിൽ വരുന്നതെന്നും സമൂഹത്തെ കണ്ണാടി പോലെ കാണാൻ സാധിക്കുന്നതാണ്‌ റിയലിസ്റ്റിക് സിനിമകൾ എന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനും സംവിധായകനുമായ ദിലീഷ് പോത്തനും അഭിമുഖത്തിൽ പങ്കെടുത്തു.

‘മഹേഷിന്റെ പ്രതികാരം ഒരിക്കലും ഒരു റിയലിസ്റ്റിക് സിനിമയല്ല. അതൊരു ക്ലാസിക്കൽ സിനിമയാണ്. മലയാളത്തിൽ ഒരു സിനിമ മാത്രമാണ് റിയലിസ്റ്റിക് ആയിട്ടുള്ളു, അത് രക്ഷാധികാരി ബൈജുവാണ്. റിയലിസ്റ്റിക് സിനിമക്ക് ഓപ്പൺ എൻഡഡ് കഥ ഉണ്ടാകരുത്. സമൂഹത്തെ ഒരു കണ്ണാടി പോലെ കാണിച്ചുതരുന്ന രീതിയാണ് റിയലിസ്റ്റിക് സിനിമകളിൽ കാണാൻ സാധിക്കുന്നത്. നാടകീയത ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിനെ പ്രകൃതി പടം എന്ന് വിളിക്കാന് പറ്റില്ല,’ രഞ്ജൻ പ്രമോദ് പറഞ്ഞു.

റിയലിസ്റ്റിക് എന്ന് തോന്നിക്കുന്ന തരത്തിൽ ഡ്രമാറ്റിക്ക് ചിത്രങ്ങളാണ് മലയാളത്തിൽ ചെയ്തിട്ടുള്ളതെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞു. നാടകീയത നിറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ നടന്നേക്കാം എന്ന് തന്റെ ചിത്രങ്ങളിലൂടെ അർത്ഥമാക്കുന്നുണ്ടെന്ന് ദിലീഷ് പോത്തൻ മറുപടി പറഞ്ഞു.

‘നാടകീയത ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിനെ റിയലിസ്റ്റിക് ചിത്രം എന്ന് പറയുന്നത് തെറ്റാണ്. ഇവരൊക്കെ ഭയങ്കര കള്ളന്മാരാണ്. റിയലിസ്റ്റിക് ചിത്രമെന്ന് തോന്നിപ്പിച്ചുകൊണ്ട് ഡ്രമാറ്റിക്കായുള്ള സിനിമകളാണ് ചെയ്തിരിക്കുന്നത് (ചിരിക്കുന്നു).

നാടകീയ രംഗങ്ങളും ജീവിതത്തിൽ നടന്നേക്കാമെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് തന്റെ ചിത്രങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ദിലീഷ് പോത്തൻ പറഞ്ഞു.

‘നാടകീയ രംഗങ്ങളും യഥാർഥ ജീവിതത്തിൽ നടക്കുന്നതാണെന്ന് ആളുകൾക്ക് വിശ്വസനീയമാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ് അത്തരം ചിത്രങ്ങൾക്കുള്ളത്,’ ദിലീഷ് പോത്തൻ പറഞ്ഞു.

Content Highlights: Ranjan Pramod And Dileesh Pothan on realistic movies