ദിലീപ്, കാവ്യ മാധവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മീശമാധവന്‍. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയ ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും മീമുകളുമാവാറുണ്ട്. ചിത്രത്തിലെ പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന ഡയലോഗ് ജഗതി ശ്രീകുമാര്‍ കയ്യില്‍ നിന്നിട്ടതാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്ക് ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് രഞ്ജന്‍ പ്രമോദ്.
ഈ ഡയലോഗ് താന്‍ എഴുതിയതാണെന്നും മുട്ടിലിഴഞ്ഞ് വീട് വരെ വരുന്നത് എഴുതാമെങ്കില്‍ ആ ഡയലോഗും തനിക്കെഴുതാമെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവ് അല്ല. പല ചര്‍ച്ചകളും ഞാന്‍ അറിയാറില്ല. അനുഗ്രഹത്തിന്റെ കാര്യം സിനിമ കണ്ടു ഒന്ന് ചിന്തിച്ചാല്‍ തന്നെ മനസ്സിലാവുമല്ലോ. അതിനു ഒരു മറുപടി പറയണ്ടതുണ്ടോ. എന്താണ് പുരുഷുവിന്റെ അനുഗ്രഹമായി പിള്ളക്ക് കിട്ടിയത്! പിള്ളയുടെ പെടലിയില്‍ കിട്ടിയ ആ കോളര്‍ പട്ടയല്ലേ.
പുരുഷുവിന്റെ അനുഗ്രഹത്തിന്റെ ചിരി അതിനെ തുടര്‍ന്നുള്ള ലൈന്‍ മാന്‍ ലോനപ്പന്റെ സീനില്‍ അല്ലെ വരുന്നത്. അതുകൂടാതെ വേറെ ഇടങ്ങളിലും അതിന്റെ റഫറന്‍സ് വരുന്നുണ്ടല്ലോ അപ്പോള്‍ പിന്നെ അത് ആ സീനിലെ ജഗതി ചേട്ടന്റെ ഇമ്പ്രോവൈസേഷന്‍ എങ്ങനെ ആവും. മുട്ടില്‍ ഇഴഞ്ഞു അറിയാതെ കാലില്‍ പിടിക്കുന്നതാണ് സീന്‍ അവിടെ വരെ എഴുതാമെങ്കില്‍ പിന്നെ പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് എഴുതില്ലേ.
അതുപോലെ മുകുന്ദനുണ്ണി ജസ്റ്റ് റിമെംബര്‍ ദാറ്റ് എന്ന് പറഞ്ഞു സോഡാ പൊട്ടിച്ചത് ടേക്ക് എടുത്തപ്പോഴാണ് സംവിധായകന്‍ പോലും അറിഞ്ഞത് എന്നും മറ്റുമുള്ള കോമഡിയും ആരോ പറഞ്ഞു കേട്ടു. ആ സോഡാക്കുപ്പി നടന്‍ ഹോട്ടല്‍ റൂമില്‍ നിന്ന് വരുമ്പോള്‍ തന്നെ കൊണ്ടുവന്ന് ആരോടും പറയാതെ ഒളിപ്പിച്ചു വച്ച് സംവിധായകനെ അങ്ങനെ അമ്പരപ്പിക്കാമോ? ആര്‍ക്കും സീനില്‍ തോന്നുന്നതൊക്കെ ചെയ്യാമോ?
മുകുന്ദനുണ്ണി പറഞ്ഞ ആ മാസ്സ് ഡയലോഗ് എഴുതിയത്, ഷൂട്ടിനായി ലൊക്കേഷനില്‍ വെച്ച് ഫൈനല്‍ കോപ്പി എടുക്കും മുന്നേ വായിച്ചപ്പോള്‍ ജസ്റ്റ് റിമംബര്‍ ദാറ്റ് എന്ന് പറഞ്ഞു സോഡാ പൊട്ടിക്കല്‍ സജസ്റ്റ് ചെയ്തത് അസോസിയറ്റ് ഡയറക്ടര്‍ ആയിരുന്ന രതീഷ് അമ്പാട്ട് ആണ്. സംവിധായകന്‍ അറിയാതെ ഒരു സോഡാക്കുപ്പിയും സീനില്‍ വരില്ല. വരരുതല്ലോ, ആരാണാവോ ഇജ്ജാതി യമണ്ടന്‍ കഥകളെല്ലാം പടച്ചു വിടുന്നത്,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
ചിത്രത്തില്‍ പിന്നീട് വിവാദമായ റേപ്പ് ജോക്ക് താന്‍ എഴുതിയതല്ലെന്നും അത് സംവിധായകന്റേയും നായകന്റേയും കൂട്ടിച്ചേര്‍ക്കലാണെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു.
‘അത് ഞാന്‍ എഴുതിയതല്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങനെയൊരു ഇമ്പ്രോവൈസേഷന്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കുറെ വാഗ്വാദവും, ശരിക്കും പറഞ്ഞാല്‍ നല്ല വഴക്കും ഉണ്ടായി. എനിക്കത് അന്നും ഇഷ്ടമല്ല ഇന്നും ഇഷ്ടമല്ല. അന്ന് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനെ പറ്റി ചിന്തിച്ചത് കൊണ്ടല്ല, റേപ്പിനെ കോമഡിയാക്കുന്നത് ശരിയല്ല എന്നോ ഒന്നുമല്ല എന്റെ പ്രശ്നം.
മാധവന്‍ അങ്ങനെ പറയുമ്പോള്‍ ആ കഥാപാത്രത്തിന് എന്തുമാത്രം മാനസിക വൈകൃതം ഉണ്ടാകുന്നു എന്നാണ് ഞാന്‍ ചിന്തിച്ചത്. ആ നായകന്‍ പിന്നീട് പ്രേമിക്കാനിരിക്കുന്നവളേ നോക്കിയാണ് അങ്ങനെ ചിന്തിക്കുന്നത്. അത് എനിക്ക് ഒട്ടും അംഗീകരിക്കാനായില്ല എന്നതാണ് കാര്യം. എന്നാല്‍ അതിന് തിയേറ്ററില്‍ ചിരി കിട്ടും തിയേറ്ററില്‍ ചിരി ഉണ്ടാക്കുന്ന ഒരു സംഗതിയും കളയാന്‍ പറ്റില്ല എന്ന തീരുമാനത്തിലേക്ക് ആണ് അന്ന് സംവിധായകനും നായകനും എത്തിയത്. എന്റെ ഇഷ്ടമില്ലാതെയാണ് അത് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. അതിന് അവര്‍ കരുതിയത് പോലെ തന്നെ തിയേറ്ററില്‍ ചിരിയും ഉണ്ടായി. മറ്റാരും അന്ന് അതില്‍ കുറ്റം കണ്ടില്ലായിരുന്നു,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.