ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ലെന്ന് നടന്‍ രമേഷ് പിഷാരടി. എന്നാല്‍ തന്റെ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും കുറെ ആളുകളുടെ വിശ്വാസത്തിന്റെ കാര്യമാണിതെന്നും പിഷാരടി പറഞ്ഞു. മാളികപ്പുറം എന്ന സിനിമയുടെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി.
‘എന്റെ വ്യക്തിപരമായ നിലപാടിന് ഇവിടെ പ്രസക്തിയില്ല. ഒരുപാട് പേര്‍ പിടിച്ചുനില്‍ക്കുന്ന വിശ്വാസത്തിന്റെ, അതില്‍ ജീവിക്കുന്ന കുറെ ആളുകളുണ്ട്. എനിക്ക് പുരോഗമനമുണ്ട് അല്ലെങ്കില്‍ എനിക്ക് വളരെയധികം ചിന്ത കൂടിയിട്ടുണ്ട് എന്ന് കരുതി എന്റെ ചിന്ത മറ്റൊരാളിലേക്ക് കടത്താനാവില്ല.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി എതിര്‍പ്പൊന്നുമില്ല. പക്ഷേ അതുകൊണ്ട് നാളെ ഞാന്‍ നാല് സ്ത്രീകളെ അവിടെ കയറ്റണമെന്നും നിര്‍ബന്ധമില്ല. അത് അവരുടെ ചോയ്‌സ് ആണല്ലോ. എനിക്ക് ഇതൊരു വിഷയമാണോ അല്ലയോ എന്നത് അവിടെ വിഷയമല്ല. അവിടെ എന്താണോ വിഷയം അതിനാണ് പ്രസക്തി കൂടുതല്‍.