കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് കേരള ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിപ്പിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രത്യേക അന്വേഷണസംഘം ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരാണ് ഹരജി പരിഗണിച്ചത്.
ഈ ഒരു സാഹചര്യത്തിലാണ് മൊഴി നല്‍കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്. ഇതിനായി ലീഗല്‍ ലെജിസ്ലേഷന്‍ കൊണ്ടുവരുമെന്നും അതിനായി ഡ്രാഫ്റ്റ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഏപ്രില്‍ നാലിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 30ഓളം കേസുകള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഈ ഒരു പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം അതീജീവിതകളായവരുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
എന്നാല്‍ അവര്‍ക്ക് തന്നെ കേസുമായി മുന്നോട്ട് പോവാന്‍ താത്പര്യമില്ലാത്ത സാഹചര്യമാണെന്നും ഇതിന് പിന്നാലെയാണ് പരാതികള്‍ ഉയര്‍ന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Hema Committee Report; Don’t force those who are unwilling to give statements: High Court