World News
ഫോണില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോ കണ്ടെത്തി; ലെബനന്‍ പൗരയായ അസി. പ്രൊഫസറെ നാടുകടത്തി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 18, 06:03 am
Tuesday, 18th March 2025, 11:33 am

വാഷിങ്ടണ്‍: അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസറെ നാടുകടത്തി അമേരിക്ക. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

റാഷയെ നാടുകത്തിയതിന് പിന്നാലെ ബൈ-ബൈ റാഷ എന്ന തരത്തില്‍ ട്രംപ് കൈവീശി യാത്രപറയുന്ന ഒരു ചിത്രവും യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി എക്‌സില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റില്‍, കഴിഞ്ഞ മാസം റാഷ ലെബനനില്‍വെച്ച് നടന്ന നസറുല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു എന്ന് യു.എസ് ആരോപിക്കുന്നുണ്ട്.

നാല് പതിറ്റാണ്ട് കാലത്തോളം ഭീകരാക്രമണത്തിലൂടെ നൂറുകണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ ക്രൂരനായ തീവ്രവാദി എന്നാണ് പോസ്റ്റില്‍ നസറുല്ലയെ വിശേഷിപ്പിച്ചിരിക്കുന്നത്. നസറുല്ലയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതായി റാഷ സി.ബി.പി ഉദ്യോഗസ്ഥരോട് പരസ്യമായി സമ്മതിച്ചതായും ചോദ്യം ചെയ്യലില്‍ നസറുല്ലയെ പിന്തുണച്ചതായും പോസ്റ്റില്‍ പറയുന്നു.

അതിനാല്‍ അമേരിക്കക്കാരെ കൊല്ലുന്ന തീവ്രവാദിയെ മഹത്വവല്‍ക്കരിച്ചെന്നും പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വിസ റദ്ദാക്കിയതെന്നാണ് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ നസറുല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ ഷിയ മുസ്‌ലിം എന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്ന് റാഷ ഏജന്റുമാരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ റാഷയെ തിരിച്ചയക്കെരുതെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് അവരെ യു.എസ് ഉദ്യോഗസ്ഥര്‍ നാടുകടത്തിയതെന്ന ആരോപണമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് വിവരം ലഭിച്ചില്ലെന്ന് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകര്‍ നീതിന്യായ വകുപ്പ് അവരെ നാടുകടത്താന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത്‌ അവരുടെ ഫോണിലെ ഖമനേനിയുടേയും നസറുല്ലയുടേയും ചിത്രങ്ങളും വീഡിയോകളുമാണ്‌.

വൃക്ക മാറ്റിവയ്ക്കല്‍ വിദഗ്ദ്ധയായ റാഷ, ബ്രൗണ്‍ സര്‍വകലാശാലയില്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയായിരുന്നു.

Content Highlight: US deports Lebanese Assoc. Prof. after finding photo of Hezbollah leader Hassan Nasrallah on phone