കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലമാക്കി നിതിന്‍ ദേവിദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്. രമേഷ് പിഷാരടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
സിനിമയില്‍ ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചും ബേസിലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ രമേഷ് പിഷാരടി.
നോ വേ ഔട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി മലയാളം ഫില്‍മിബീറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
സിനിമയില്‍ രമേഷ് പിഷാരടിയുടെ കഥാപാത്രത്തെ കുഴിയില്‍ കൊണ്ട് ചാടിക്കുന്നത് ബേസില്‍ ആണോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു രമേഷ് പിഷാരടി രസകരമായി മറുപടി പറഞ്ഞത്.
”ഞാന്‍ ചാടാന്‍ കുഴിയുടെ വക്കത്ത് നിക്കുവായിരുന്നു. അതിന്റെ ആഴം കൂട്ടിയത് ബേസിലാണ്. ഞാന്‍ ചാകാത്ത ഒരു കുഴിയാണ് പ്ലാന്‍ ചെയ്തതെങ്കില്‍ ആ കുഴിക്ക് ആഴം കൂട്ടിയത് ബേസിലാണ്.
ബേസിലിന്റെ ക്യാരക്ടറാണ് ഇതൊക്കെ ചെയ്യുന്നത്,” രമേഷ് പിഷാരടി പറഞ്ഞു.
ബേസില്‍ ജോസഫുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും രമേഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
”ബേസിലുമായി നേരത്തെ തന്നെ ഫ്രണ്ട്ഷിപ്പ് ഉണ്ട്. ബേസിലിന്റെ ആദ്യത്തെ സിനിമക്ക് മുമ്പ് ഞങ്ങള്‍ ഇസ്രഈലില്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ ബേസിലും ഞങ്ങളുടെ കൂട്ടത്തില്‍ വന്നിട്ടുണ്ടായിരുന്നു.
ബേസിലിന്റെ അച്ഛന്‍ ഒരു പള്ളീലച്ചനാണ്. അവരും ഉണ്ടായിരുന്നു ആ ഷോയില്‍.
പിന്നെ ഗോദ സിനിമ ഇറങ്ങുന്നതിന് മുമ്പ് ബേസിലുമായി അതിന്റെ ഒന്നുരണ്ട് വര്‍ത്താനങ്ങളുടെ കൂട്ടത്തില്‍ ഇരുന്നിട്ടുണ്ട്. അങ്ങനെ നല്ല പരിചയമാണ്. ആ സമയം മുതലേ അറിയാം,” താരം കൂട്ടിച്ചേര്‍ത്തു.
ധര്‍മജന്‍ ബോള്‍ഗാട്ടി, രവീണ നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Ramesh Pisharody about friendship with Basil Joseph and the character in No Way Out movie