Advertisement
Kerala News
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് നിര്‍ത്തി: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 16, 02:16 pm
Friday, 16th April 2021, 7:46 pm

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വിഷുക്കിറ്റ് നിര്‍ത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ സി.പി.ഐ.എമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

‘വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ എന്തൊരു ഉത്സാഹമായിരുന്നു സര്‍ക്കാരിന്. എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങളെ വേണ്ടാതായി’, ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണമെങ്കിലും കഷ്ടിച്ച് 26 ലക്ഷം പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കിറ്റ് വിതരണം ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തി വച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞത് ഒരിക്കല്‍ കൂടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

‘ഏപ്രില്‍ 14 ആണ് വിഷു എങ്കിലും ഏപ്രിലിന് മുന്‍പ് തന്നെ കിറ്റ് വിതരണം ചെയ്യാന്‍ തിടുക്കം കാട്ടിയവരാണിവര്‍. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ജനങ്ങളെ അവര്‍ക്ക് ആവശ്യമില്ലല്ലോ?’ ചെന്നിത്തല പറഞ്ഞു.

വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സര്‍ക്കാരിന്റെതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് പറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Vishu Kit