തിരുവനന്തപുരം: ഇന്ത്യയുടെ ഭരണഘടനയെ അപമാനിക്കുന്നതില്‍ കുറഞ്ഞ പ്രവര്‍ത്തിയൊന്നുമല്ല മന്ത്രി സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിമിഷംപോലും സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
ഇത് സത്യപ്രതിജ്ഞാലംഘനം കൂടിയാണ്. അതുകൊണ്ട് ഒരുനിമിഷംപോലും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ല. ദേശീയ മഹിമകളെ അപമാനിക്കുന്നത് തടയുന്നതിനുള്ള
1971-ല്‍ പാസാക്കിയ നിയമപ്രകാരമുള്ള കുറ്റമാണ് സംസ്ഥാനത്തെ ഒരു മന്ത്രി ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ക്കുറ്റമാണിത്. ബി.ആര്‍. അംബേദ്കറും ജവഹര്‍ലാല്‍ നെഹ്റുവുമടക്കം ഭരണഘടന വിഭാവനം ചെയ്ത മഹദ് വ്യക്തികളെ അപമാനിക്കുക കൂടിയാണ് മന്ത്രി ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരുന്ന ഒരു മന്ത്രിക്ക് എങ്ങനെയാണ് ആ ഭരണഘടനയെ ഇത്രയും മോശമായി ചിത്രീകരിക്കുവാന്‍ കഴിയുക? അങ്ങനെയുള്ള മന്ത്രിക്ക് എങ്ങനെ അധികാരത്തില്‍ തുടരുവാന്‍ കഴിയും? വളരെ ഗൗരവതരമായ വിഷയമാണിത്.
കേരള രാഷ്ട്രീയത്തില്‍ ആര്‍ ബാലകൃഷ്ണപിളളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗമാണ് നമ്മുടെ മുന്‍പിലുളളത്.
ആ പ്രസംഗത്തിലൂടെ അദ്ദേഹത്തിന് രാജി വെയ്‌ക്കേണ്ടിവന്നു. അതുകൊണ്ട് മന്ത്രി സജി ചെറിയാന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ല. അദ്ദേഹം രാജിവെച്ച് പുറത്തുപോകണം. അതല്ലെങ്കില്‍ രാജി ചോദിച്ചു വാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഭരണഘടനയോട് കൂറും ബഹുമാനവും പുലര്‍ത്തുന്നുവെങ്കില്‍ മുഖ്യമന്ത്രി ആദ്യം ചെയ്യണ്ടത് അതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.