സംഭാജിനഗര്‍: ഔറംഗസേബിനെയും ബാബറിനെയും മഹത്വവല്‍ക്കരിക്കുന്നവരെ വിമര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ഔറംഗസേബ് ഒരു വീരനായകനാണെന്ന് കരുതുന്നവര്‍ ‘മുഗള്‍ ചക്രവര്‍ത്തി ഒരു മതഭ്രാന്തനും ക്രൂരനായ ഭരണാധികാരിയുമാണ്’ എന്ന നെഹ്റുവിന്റെ എഴുത്തുകള്‍ വായിക്കണമെന്നും സിങ് പറഞ്ഞു. ഇതുപോലൊരു വ്യക്തിക്ക് നായകനാകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ മേവാര്‍ ഭരണാധികാരികളായ മഹാറാണാ പ്രതാപ്, ഛത്രപതി ശിവാജി മഹാരാജ് എന്നിവരെ ആദരിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഔറംഗസേബിനെയോ ബാബറിനെയോ മഹത്വപ്പെടുത്തുന്നവര്‍ രാജ്യത്തെ മുസ്‌ലിങ്ങളെ അപമാനിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
‘മഹാറാണാ പ്രതാപ് ധൈര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായിരുന്നു. ഛത്രപതി ശിവജി മഹാരാജ് മഹാറാണാ പ്രതാപില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു, പ്രത്യേകിച്ച് ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ക്ക്,’ സിങ് പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാര്‍ റാണാ പ്രതാപിനും ശിവാജി മഹാരാജിനും അര്‍ഹമായ അംഗീകാരം നല്‍കിയില്ലെന്നും മറിച്ച് ഔറംഗസെബിനെ പ്രശംസിച്ചുവെന്നും മന്ത്രി പറഞ്ഞു.
മഹാറാണാ പ്രതാപ് തന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ജീവന്‍ ബലിയര്‍പ്പിക്കുകയും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചുവെന്നും മന്ത്രി പറഞ്ഞു. മഹാറാണാ പ്രതാപിന്റെ മാതൃകാപരമായ ധീരതക്ക് പുറമെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം ഒന്നിപ്പിച്ചുവെന്നും മഹാറാണാ പ്രതാപും ശിവാജി മഹാരാജും മുസ്‌ലിം വിരുദ്ധരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രപരമായ അനീതി തിരുത്തേണ്ടതുണ്ട്. മഹാറാണ പ്രതാപും ശിവാജി മഹാരാജും ചരിത്രപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രചോദനത്തിന്റെ ജീവിക്കുന്ന ഉറവിടമാണെന്നും യുവാക്കളോട് പറയേണ്ടത് നമ്മുടെ ധാര്‍മിക കടമയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഔറംഗബാദിനെ ഛത്രപതി സംഭാജിനഗറെന്നും ദല്‍ഹിയിലെ ഔറംഗസേബ് റോഡിനെ എ.പി.ജെ. അബ്ദുള്‍ കലാം റോഡെന്നും പുനര്‍നാമകരണം ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ ബാബര്‍, തൈമൂര്‍, ഔറംഗസേബ്, ഘോരി, ഗസ്നവി എന്നിവരെ മഹത്വവല്‍ക്കരിക്കുന്നതിലൂടെ മുസ്‌ലിം വോട്ട് നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എല്ലാ ഇന്ത്യക്കാരും തുല്യരാണെന്നും പാര്‍ട്ടി വിവേചനം കാണിക്കുന്നില്ലെന്നും അത് പൂര്‍വികരില്‍ നിന്നും പഠിച്ചതാണെന്നും സിങ് പറഞ്ഞു.
Content Highlight: Glorifying Aurangzeb and Babur is tantamount to insulting Muslims: Rajnath Singh