ഹൈക്കോടതി വിധി ജലീലിന്റെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും മുഖത്തേറ്റ പ്രഹരം; രമേശ് ചെന്നിത്തല
Kerala News
ഹൈക്കോടതി വിധി ജലീലിന്റെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും മുഖത്തേറ്റ പ്രഹരം; രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 5:21 pm

തിരുവനന്തപുരം: ലോകായുക്ത വിധി ഹൈക്കോടതി ശരിവെച്ചത് സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയ കെ.ടി.ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബന്ധുനിയമനക്കേസില്‍ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിക്കുന്നതിനായി മന്ത്രിസഭയെ മറികടന്ന് യോഗ്യതയില്‍ ഇളവുവരുത്തിയത് മുഖ്യമന്ത്രിയാണ്. അതിനാല്‍ ഹൈക്കോടതിയിലെ ഈ വിധി മുഖ്യമന്ത്രിയ്‌ക്കെതിരായ കുറ്റപത്രം കൂടിയാണ്.

ധാര്‍മ്മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയും ആ സ്ഥാനത്ത് തുടരരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ധാര്‍മ്മികതയൊന്നുമല്ല, നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീല്‍ രാജിവച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബന്ധു നിയമന കേസിലെ ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.

ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹരജി നല്‍കിയത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയുമാണ് ലോകായുക്ത ഉത്തരവിട്ടതെന്നാണ് ജലീല്‍ ഹരജിയില്‍ വാദിച്ചത്.

എന്നാല്‍ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്ന മന്ത്രിയുടെ വാദം കോടതി അംഗീകരിച്ചില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala on highcourt ruling over lokayuktha judgement