രാംദേവ് യോഗിയൊന്നുമല്ല; വിവാദങ്ങള്‍ക്കിടെ ബാബ രാംദേവിനെ തള്ളി ബീഹാര്‍ ബി.ജെ.പി നേതാവ്
national news
രാംദേവ് യോഗിയൊന്നുമല്ല; വിവാദങ്ങള്‍ക്കിടെ ബാബ രാംദേവിനെ തള്ളി ബീഹാര്‍ ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th May 2021, 8:23 am

പട്‌ന: ബാബ രാംദേവിനെ വിമര്‍ശിച്ച് ബീഹാര്‍ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്‌സ്വാള്‍.
രാംദേവ് ഒരു യോഗ ഗുരുവാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ ഒരിക്കലും രാംദേവ് ഒരു യോഗി അല്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാംദേവ് ഒരു യോഗ ഗുരുവാണ്. അദ്ദേഹത്തിന്റെ യോഗയുടെ പാണ്ഡിത്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. പക്ഷേ അദ്ദേഹം തീര്‍ച്ചയായും ഒരു യോഗിയല്ല. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുന്ന ഒരാളാണ് യോഗി,’ ജയ്സ്വാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രാംദേവ് യോഗയോട് ചെയ്തത് പരമ്പരാഗത പാനിയങ്ങളോട് കൊക്കോ കോള ചെയ്തതുപോലെയാണെന്നും ജയ് സ്വാള്‍ പറഞ്ഞു.

ശീതളപാനീയ ഭീമന്റെ വരവിനുശേഷം എല്ലാ വീടുകളിലും പെപ്‌സിയുടെയും കൊക്കോ കോളയുടേയുംം കുപ്പികളുമാണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാഷ്ചിം ചമ്പാരനില്‍ നിന്നും ഒന്നിലധികം തവണ എം.പിയായിട്ടുള്ള ജയ്‌സ്വാള്‍ ഡോക്ടര്‍ കൂടിയാണ്.

നേരത്തെ, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രാദദേവ് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തുവനന്നു. ഇതിന് പിന്നാലെമമാപ്പ് പറഞ്ഞ് രാംദേവ്  തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

 

രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എ രംഗത്തെത്തിയിരുന്നു.

1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

അതേസമയം, വാക്സിനേഷന്‍ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ കത്തില്‍ വ്യക്തമാക്കി.

കൊവിഡിനെതിരെ രണ്ട് വാക്സിനും സ്വീകരിച്ച 10000 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലും രാംദേവ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെടുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

Content Highlights: Ramdev Yoga Guru, Not A Yogi, Says Bihar BJP President