'ഏക്‌നാഥ് ഷിന്‍ഡെ പ്രതിസന്ധിയിലാണെങ്കില്‍ എന്റെ പാര്‍ട്ടി അവരെ പിന്തുണയ്ക്കും': രാംദാസ് അതാവാലെ
national news
'ഏക്‌നാഥ് ഷിന്‍ഡെ പ്രതിസന്ധിയിലാണെങ്കില്‍ എന്റെ പാര്‍ട്ടി അവരെ പിന്തുണയ്ക്കും': രാംദാസ് അതാവാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th June 2022, 4:42 pm

മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കില്‍ തന്റെ പാര്‍ട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മേധാവിയും കേന്ദ്ര മന്ത്രിയുമായ രാംദാസ് അതാവാലെ. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു അതാവാലെയുടെ പ്രഖ്യാപനം.

‘ഈ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. ഏക്‌നാഥ് ഷിന്‍ഡെയുടേത് വലിയ ഗ്രൂപ്പാണ്. അവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്,’ അതാവാലെ പറഞ്ഞു.

‘നിങ്ങള്‍(ശിവസേന) ഇപ്പോഴും വിചാരിക്കുന്നത് എം.എല്‍.എമാര്‍ നിങ്ങളിലേക്ക് തിരിച്ചുവരുമെന്നാണ്. അവര്‍ വരും, പക്ഷെ അവര്‍ക്ക് തോന്നുമ്പോള്‍ മാത്രം. പക്ഷെ അതുവരെ അവരെ ഉപദ്രവിക്കരുത്. ഏക് നാഥ് ഷിന്‍ഡെ പ്രതിസന്ധി നേരിടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അവരെ പിന്തുണയ്ക്കും,’ അതാവാലെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നടന്ന നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി മഹാവികാസ് അഘാഡി സര്‍ക്കാരിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ ഏക് നാഥ് ഷിന്‍ഡെ സിവസേന എം.എല്‍.എമാരോടൊപ്പം ഗുവാഹത്തിയിലേക്ക് പോകുകയായിരുന്നു.

സ്വതന്ത്ര എം.എല്‍.എമാരുള്‍പ്പെടെ ഏകദേശം 52 എം.എല്‍.എമാര്‍ തനിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഷിന്‍ഡെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ‘ശിവസേന ബാലാസാഹെബ് താക്കറെ’ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Ramdas athawale says he will support shinde if he faces any crisis