'നിങ്ങളോട് ഒന്നും പറയാനില്ല, ക്യാമറ ഓഫ് ചെയ്യ്'; പ്രതികരണം തേടിയെത്തിയ റിപ്പബ്ലിക് ടി.വി പ്രതിനിധിയോട് രാകേഷ് ടികായത്
farmers protest
'നിങ്ങളോട് ഒന്നും പറയാനില്ല, ക്യാമറ ഓഫ് ചെയ്യ്'; പ്രതികരണം തേടിയെത്തിയ റിപ്പബ്ലിക് ടി.വി പ്രതിനിധിയോട് രാകേഷ് ടികായത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th November 2021, 7:11 pm

ന്യൂദല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനോട് പ്രതികരിക്കതെ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ രാകേഷ് ടികായത്. കേന്ദ്രമന്ത്രിസഭ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞ് രാകേഷ് ടികായതിനെ സമീപിച്ചത്. മറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും റിപബ്ലിക് അവതാരികയോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അവതാരിക മൈക്കുമായി സമീച്ചെങ്കിലും ‘നിങ്ങളോട് സംസാരിക്കില്ലെന്ന്’ അദ്ദേഹം തീര്‍ത്തു പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന അര്‍ണാബ് ഗോസ്വമിയാണ് റിപ്പബ്ലിക് ചാനലിലെ പ്രധാനി. കര്‍ഷകസമരത്തെ നിരവധി തവണ അര്‍ണബ് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ചയാണ് അംഗീകാരം നല്‍കിയത്

മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് 2021 ലെ ഫാം ലോസ് റിപ്പീല്‍ ബില്ലിന് അംഗീകാരം ലഭിച്ചത്.

നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുന്നതിനായി പുതിയ ബില്‍ ഇനി ലോക്‌സഭയില്‍ അവതരിപ്പിക്കും.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് നിയമം പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.

നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി അറിയിച്ചിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rakesh Tikait interacts with journalists but refuses to speak to Republic reporter