സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എത്തിയ മലയാള സിനിമയാണ് തിര. വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു ഇത്.
രാകേഷ് മണ്ടോടി തിരക്കഥയെഴുതി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ ത്രില്ലര്‍ ചിത്രം 2013ലായിരുന്നു പുറത്തിറങ്ങിയത്. ധ്യാന്‍ ശ്രീനിവാസന്‍ നവീന്‍ എന്ന കഥാപാത്രമായി എത്തിയ തിരയില്‍ ശോഭന വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ തിരയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി. പ്രതീക്ഷിച്ച വിജയം കിട്ടാത്തതിനാല്‍ ആ സിനിമ ഇറങ്ങിയ സമയത്ത് തങ്ങള്‍ കുറച്ച് ഡിസ്റ്റര്‍ബ്ഡായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാകേഷ് മണ്ടോടി.
‘തിര എന്ന സിനിമ ഇറങ്ങിയ സമയത്ത് ഞങ്ങള്‍ കുറച്ച് ഡിസ്റ്റര്‍ബ്ഡായിരുന്നു. പ്രതീക്ഷിച്ച വിജയം കിട്ടാതെ വരുമ്പോള്‍ എങ്ങനെയാകും എന്ന് ഊഹിക്കാമല്ലോ. ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മ്യൂസിക്കായിരുന്നു. ഷാന്‍ റഹ്‌മാന്‍ ആയിരുന്നു മ്യൂസിക് ചെയ്തത്.
തിരക്കഥയില്‍ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാം. അത് ഞാന്‍ തുറന്നു പറയാം. പക്ഷെ ഷാന്‍ റഹ്‌മാനും ജോമോനുമൊക്കെ ഗംഭീരമായിരുന്നു. മറ്റുള്ള ടെക്നിക്കല്‍ ടീമും അങ്ങനെ തന്നെയായിരുന്നു. അത്രയും മികച്ച വര്‍ക്കായിരുന്നു അവരുടേത്.
അതുകൊണ്ട് ആ സിനിമ പ്രതീക്ഷിച്ച അത്രയും വിജയം ആകാത്തതില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. പിന്നീട് ചില സമയങ്ങളില്‍ വിനീത് തിരയെ കുറിച്ച് പറയാറുണ്ട്.
നമുക്കൊന്ന് സെക്കന്റ് പാര്‍ട്ട് ചെയ്താലോയെന്ന് ചോദിക്കും. അതിനെ കുറിച്ച് ആലോചിച്ചാലോയെന്നാണ് ചോദിക്കാറുള്ളത്. പക്ഷെ അത് അത്ര സസ്റ്റൈന്‍ ചെയ്ത് നില്‍ക്കുന്ന ചിന്തയായിരുന്നില്ല,’ രാകേഷ് മണ്ടോടി പറഞ്ഞു.
Content Highlight: Rakesh Mantodi Talks About Thira Movie And Vineeth Sreenivasan