വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് രാകേഷ് മണ്ടോടി. തുടര്‍ന്ന് ടൊവിനോ തോമസ് നായകനായ ഗോദക്കും രാകേഷ് തിരക്കഥയെഴുതി. ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ഒരു ജാതി ജാതകത്തിന്റെ തിരക്കഥയും രാകേഷിന്റെയാണ്.
ഒരു ജാതി ജാതകത്തിലെ നായക കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രാകേഷ് മണ്ടോടി. ചെന്നൈയിലുണ്ടായിരുന്ന സമയത്ത് താന്‍ പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ രീതികളാണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തിന് ആധാരമെന്ന് രാകേഷ് മണ്ടോടി പറഞ്ഞു. വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന സമയത്ത് പങ്കാളിയെപ്പറ്റി ഒരുപാട് കണ്ടീഷനുകള്‍ വെച്ച ആളാണ് അയാളെന്നും അത്തരത്തില്‍ ഷോവനിസ്റ്റായിട്ടുള്ള ഒരുകൂട്ടം ആളുകളെ റെപ്രസന്റ് ചെയ്യുന്നയാളാണ് ഒരു ജാതകത്തിലെ നായകനെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.
ചെന്നൈയിലായിരുന്ന സമയത്ത് വിനീത് ശ്രീനിവാസനും ചെറിയ രീതിയില്‍ ഷോവനിസ്റ്റായിരുന്നെന്ന് രാകേഷ് പറഞ്ഞു. കാമുകി ഷാളിടാതെ വന്നാല്‍ ഷാളിടീപ്പിക്കുന്ന ആളായിരുന്നു വിനീതെന്നും എന്നാല്‍ ഇപ്പോള്‍ അയാള്‍ ഡീസന്റായെന്നും രാകേഷ് മണ്ടോടി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് രാകേഷ് മണ്ടോടി ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ചെന്നൈയില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നു. അന്ന് എന്റെ കൂടെ ഒരു സുഹൃത്തുണ്ടായിരുന്നു. അവന്റെ സ്വഭവം എങ്ങനെയാണെന്ന് വെച്ചാല്‍, സിനിമകളൊക്കെ കണ്ട് അതിലെ നായികമാരെപ്പോലെ ആയിരിക്കണം താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്നായിരുന്നു അവന്റെ കണ്ടീഷന്‍. ശാരീരികമായ അളവുകള്‍ വെച്ച് മാത്രം സ്ത്രീകളെ മാത്രം വിലയിരുത്തുന്ന ഒരുത്തനായിരുന്നു അവന്‍.
അത്തരത്തിലുള്ള ഒരുപാട് ഷോവനിസ്റ്റകളുടെ പ്രതിനിധിയാണ് ഇതിലെ നായകന്‍. വിനീതിനെക്കൊണ്ട് ആ ക്യാരക്ടര്‍ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നി. കാരണം, അവന്‍ പണ്ട് ഒരു ഷോവനിസ്റ്റായിരുന്നു. അത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ദിവ്യയെ പ്രണയിച്ച സമയത്ത് അവള്‍ ഷാളിടാതെ വരുന്നത് കണ്ടാല്‍ ‘ദിവ്യക്കുട്ടീ, ഷാളെവിടെ’ എന്ന് ചോദിക്കുന്നവനായിരുന്നു വിനീത്. ഇപ്പോള്‍ അതൊക്കെ മാറി, അവന്‍ നല്ല ഡീസന്റായി,’ രാകേഷ് മണ്ടോടി പറഞ്ഞു.
അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസന് പുറമെ അലന്‍ താഹ, നിഖില വിമല്‍, ബാബു ആന്റണി, കുഞ്ഞികൃഷ്ണന്‍, കയേദു ലോഹര്‍, സയനോര തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മഹാ സുബൈറാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Rakesh Mantodi saying Vineeth Sreenivasan was a chauvinist in old days