ന്യൂദല്‍ഹി: ലക്‌നൗവില്‍ ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നടപടിയാവശ്യപ്പെട്ടു. യോഗിആദിത്യനാഥിനെ ഫോണില്‍ വിളിച്ചതായി പറഞ്ഞ് രാജ്‌നാഥ് സിങ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്‌നാഥ് സിങ്ങിന്റെ ലോക്‌സഭാ മണ്ഡലമാണ് ലക്‌നൗ.
ശനിയാഴ്ച പുലര്‍ച്ചെയാണ് വിവേക് തിവാരിയെന്ന ആപ്പിള്‍ ഉദ്യോഗസ്ഥനെ പൊലീസ് വെടിവെച്ചു കൊന്നത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓടിച്ചുപോയെന്ന് പറഞ്ഞാണ് പൊലീസ് വെടിവെയ്പ് നടത്തിയത്.
സംഭവം നടക്കുമ്പോള്‍ വിവേക് തിവാരിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് സനാ ഖാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രണ്ട് കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കൊലപാതകത്തെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് ജലസേചന വകുപ്പു മന്ത്രി ധരംപാല്‍ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. ക്രിമിനലുകള്‍ മാത്രമേ ഇത്തരം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടാറുള്ളൂ എന്നാണ് മന്ത്രിയുടെ പരാമര്‍ശം.
“ബുള്ളറ്റുകളേല്‍ക്കുന്നത് ക്രിമിനലുകള്‍ക്കു മാത്രമാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്തുണ്ടായ “ഗുണ്ടാരാജാ”ണ് പ്രശ്നമുണ്ടാക്കുന്നത്. ബാക്കിയെല്ലാം സാധാരണ നിലയിലാണ്. ക്രിമിനലുകളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ല.” മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
നടന്നത് ഏറ്റുമുട്ടല്‍ക്കൊലയല്ലെന്ന് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വിശദീകരണത്തിനെതിരാണ് മന്ത്രിയുടെ പ്രസ്താവന. നിയമലംഘനമാണ് നടന്നിരിക്കുന്നതെന്ന് എ.ഡി.ജി ആനന്ദ് കുമാര്‍ പറഞ്ഞിരുന്നു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നാണ് ആനന്ദ് കുമാര്‍ കൊലപാതകത്തെ വിശേഷിപ്പിച്ചത്.