പൊലീസില്‍ നിന്നും സുരക്ഷ ആവശ്യപ്പെട്ട് ഗാന്ധി ഗോഡ്‌സേ: ഏക് യുദ്ധ് ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി. ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കുന്ന സമയത്ത് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്കുമാര്‍ മുംബൈ സ്‌പെഷ്യല്‍ സി.പി. ദേവന്‍ ഭാരതിക്ക് കത്തെഴുതിയത്. ഗാന്ധി ഗോഡ്‌സേയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഏതാനും ആളുകള്‍ വന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാജ്കുമാറിന്റെ പരാതി വന്നത്.
‘ഞങ്ങളുടെ ടീം ഗാന്ധി ഗോഡ്‌സേ ചിത്രത്തിന്റെ പ്രസ് മീറ്റ് നടത്തുന്നതിനിടയില്‍ ചില പ്രത്യേക താല്‍പര്യമുള്ള ആളുകള്‍ വന്ന് പ്രതിഷേധം നടത്തി. അതിന് ശേഷം സിനിമയുടെ റിലീസ് തടയണമെന്നും പ്രൊമോഷന്‍ പരിപാടികള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് നിരവധി ഭീഷണികള്‍ വന്നു. ഞാന്‍ സുരക്ഷിതനല്ലെന്ന് തോന്നുന്നു. ഇതുപോലെയുള്ള ആളുകളെ സമൂഹത്തില്‍ വിഹരിക്കാന്‍ വിട്ടാല്‍ എനിക്കും എന്റെ കുടുംബത്തിനും അത് അപകടകരമാവും. അത് സമൂഹത്തിന് തന്നെ ഹാനികരമായേക്കും,’ പരാതിയില്‍ രാജ്കുമാര്‍ പറഞ്ഞു.
പ്രസ് മീറ്റിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന പ്രതിഷേധക്കാര്‍ കറുത്ത കൊടി ഉയര്‍ത്തുകയും മഹാത്മാ ഗാന്ധി സിന്ദാബാദ് വിളിക്കുകയുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ ധീരമായ പാരമ്പര്യത്തിന് തുരങ്കം വെക്കുന്നതും അദ്ദേഹത്തിന്റെ കൊലപാതകിയെ മഹത്വവല്‍ക്കരിക്കുന്നതുമാണ് ചിത്രമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
നേരത്തെ ചിത്രത്തിനെതിരെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. അവരുടെ ഹീറോ ഗോഡ്‌സേയാണെന്നും അതിനാല്‍ തന്നെ ഗോഡ്‌സേയെ അവര്‍ ഹീറോയാക്കി ചിത്രീകരിക്കുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നുമാണ് തുഷാര്‍ ഗാന്ധി പറഞ്ഞത്.
‘സിനിമ കാണാത്തതിനാല്‍ അതിന്റെ ഗുണമോ ദോഷമോ പറയുന്നില്ല, എന്നാല്‍ കൊലപാതകികളെ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ഇനി കാണാനും ഉദ്ദേശിക്കുന്നില്ല. ഇതേ സംവിധായകന്‍ നേരത്തെ ഭഗത് സിങ് എന്ന ചിത്രത്തില്‍ ബാപ്പുവിനെ വളരെ മോശമായി ചിത്രീകരിച്ചിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ഗോഡ്‌സേയെ മഹത്വവല്‍കരിക്കുന്ന ചിത്രമെടുക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല,’ തുഷാര്‍ ഗാന്ധി പറഞ്ഞു.
മഹാത്മാ ഗന്ധിയുടെയും നാഥുറാം വിനായക് ഗോഡ്സേയുടെയും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ചിത്രം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Rajkumar Santoshi, the director of Gandhi Godse: Ek Yudh, has sought security from the police