ന്യൂദല്‍ഹി: ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സേയുടെ പരാമര്‍ശങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഡോര്‍സേ പറയുന്നത് കള്ളമാണെന്നും ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്തപദമായ കാലഘട്ടത്തിലെ ചിലതൊക്കെ മായ്ച്ച് കളയാനുള്ള ശ്രമമാണിതെന്നും കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഡോര്‍സേയുടെ സമയത്ത് ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്നും ആരുടെയും വീട്ടില്‍ റെയ്ഡ് നടത്തുകയോ, ആരെയും ജയിലലടക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘ഡോര്‍സേയുടെ സമയത്ത് ട്വിറ്റര്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14,19 ലംഘിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്,’ അദ്ദേഹം പറഞ്ഞു.
This is an outright lie by @jack – perhaps an attempt to brush out that very dubious period of twitters history
Facts and truth@twitter undr Dorsey n his team were in repeated n continuous violations of India law. As a matter of fact they were in non-compliance with law… https://t.co/SlzmTcS3Fa
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) June 13, 2023
‘ട്വിറ്ററില്‍ നിന്നുള്ള ആരുടെയും വീടുകളില്‍ റെയ്ഡ് നടത്തുകയോ ജയിലലടക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ട്വിറ്ററിനെതിരെ നടപടികള്‍ എടുത്തിട്ടുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഒരു പരമാധികാര രാജ്യമാണെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെല്ലാം ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
‘ഡോര്‍സേയുടെ സമയത്ത് ട്വിറ്ററിന് ഇന്ത്യന്‍ നിയമത്തിലെ പരമാധികാരങ്ങള്‍ അംഗീകരിക്കുന്നതില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് അവര്‍ പെരുമാറിയിരുന്നത്. ഇന്ത്യ ഒരു പരമാധികാര രാജ്യമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെല്ലാം ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്,’ കേന്ദ്ര മന്ത്രി പറഞ്ഞു.
കര്‍ഷക സമര സമയത്ത് ധാരാളം തെറ്റായ വാര്‍ത്തകളും വ്യാജ റിപ്പോര്‍ട്ടിങ്ങും ട്വിറ്ററില്‍ വന്നിരുന്നു. അത്തരം ഉള്ളടക്കങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടാന്‍ മോദി സര്‍ക്കാര്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സമരത്തിന്റെയും സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ടായി എന്നായിരുന്നു ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സേ വെളിപ്പെടുത്തിയത്.
അല്ലാത്തപക്ഷം ഓഫീസുകള്‍ പൂട്ടുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും സമ്മര്‍ദമുണ്ടായതായും അദ്ദേഹം പറഞ്ഞിരുന്നു. ബ്രേക്കിങ് പോയിന്റെന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ച ഭീഷണികളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം വിദേശ സര്‍ക്കാറുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം നേരിട്ടിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് ഇന്ത്യ അതിനൊരു ഉദാഹരണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദം അദ്ദേഹം വിശദീകരിച്ചത്.
‘ഇന്ത്യ ഒരു ഉദാഹരണമാണ്. കര്‍ഷക സമരങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള റിക്വസ്റ്റുകള്‍ ഒരുപാട് വന്നു. ഇന്ത്യയില്‍ ഞങ്ങള്‍ ട്വിറ്റര്‍ പൂട്ടും, ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും എന്ന് അവര്‍ പറഞ്ഞു. അത് ചെയ്യുകയും ചെയ്തു. നിങ്ങള്‍ ഇത് അനുസരിച്ചില്ലെങ്കില്‍ നിങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞു. ഇതാണ് ജനാധിപത്യ രാജ്യമായ ഇന്ത്യ,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Content Highlight: Rajeev chandrashekhar against ex twitter CEO jack dorsey