ന്യൂദല്‍ഹി: രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ നിരസിച്ച ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. സംസ്ഥാനത്ത് എങ്ങനെ രാഷ്ട്രപതി ഭരണം കൊണ്ടുവരാമെന്നുള്ള വഴികള്‍ ആലോചിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ നീക്കങ്ങള്‍ ശക്തിപ്പെടുത്താനുള്ള അവസരമൊരുക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘അടുത്ത 21 ദിവസത്തിനുള്ളില്‍ സഭ വിളിച്ചുചേര്‍ക്കാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നതിന്റെ സാരം. ഇത് ബി.ജെ.പിക്കുവേണ്ടി സമയവും അവസരവും ഒരുക്കിക്കൊടുക്കലാണ്’, ചൗധരി ട്വീറ്റ് ചെയ്തു.
ഏത് തരത്തിലുള്ള ഗുഢാലോചനയെയും നേരിടാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തയ്യാറാണ്. ഗൂഢാലോചനയ്ക്കായുള്ള ഗവര്‍ണറുടെ കഴിവ് പ്രശംസനീയമാണെന്നും ചൗധരി പരിഹസിച്ചു.
രാജസ്ഥാന്‍ പിടിച്ചെടുക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്കുവേണ്ടി ഗവര്‍ണര്‍ കിണഞ്ഞുപരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ബഹുമാനപ്പെട്ട രാജസ്ഥാന്‍ ഗവര്‍ണര്‍, സംസ്ഥാനത്തെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് ഇവിടെ നിങ്ങള്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പിക്കാനുള്ള വഴികള്‍ അന്വേഷിക്കുകയാണെന്നാണ്. രാജസ്ഥാന്‍ പോരാളികളുടെ നാടാണെന്ന കാര്യം മറക്കരുത്. റാണ പ്രതാപ് മുതല്‍ പന്നാ ദായ് വരെ പിറന്ന മണ്ണാണിത്’, അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.