മോദി കെയറിനോട് വിമുഖത കാണിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും
national news
മോദി കെയറിനോട് വിമുഖത കാണിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2018, 9:39 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീമിനോട് വിമുഖത കാണിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും.

മോദികെയര്‍ എന്നു വിശേഷിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിനോട് വിമുഖത കാണിച്ചിരിക്കുകയാണ് ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളും. സമാനരീതിയിലുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്ന് കാണിച്ചാണ് ഇരുസംസ്ഥാനങ്ങളും മോദികെയറിനോട് താല്‍പ്പര്യം കാണിക്കാത്തതെന്നാണ് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആയുഷ്മാന്‍ ഭാരതിനെ രാജസ്ഥാന്‍ സ്വാഗതം ചെയ്തിരുന്നുവെങ്കിലും അതു നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിനു തീര്‍ച്ചയില്ലെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


Read:  നീ കുറിച്ച വാക്കുകള്‍ തന്നെയാണ് എനിക്കും ഉയര്‍ത്തിപ്പിടിക്കാനുള്ളത്; അഭിമന്യുവിന്റെ സ്മരണകള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നെന്ന് സി.കെ വിനീത്


സംസ്ഥാനത്ത് നിലവിലുള്ള ഭാമാഷാ സ്വാസ്ഥ്യ ഭീമ യോജന പദ്ധതി പ്രകാരം നാലരക്കോടി ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുമായി ആയുഷ്മാന്‍ ഭാരത് സി.ആ.ഒ ഡോ. ഇന്ദുഭൂഷണ്‍ സംസാരിച്ചിരുന്നു.

ഫണ്ടിന്റെ അഭാവമാണ് പദ്ധതി നടപ്പാക്കുന്നതിനു തടസ്സമാകുന്നതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സംസ്ഥാനത്ത് മഹാത്മാ ജ്യോതിഭാ ഫുലെ ജന്‍ ആരോഗ്യ യോജന എന്ന പേരില്‍ നടക്കുന്ന ആരോഗ്യ പദ്ധതി രണ്ടരക്കോടി ജനങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ട്.

ഒഡീഷയും ആയുഷ്മാന്‍ ഭാരത് നടപ്പാക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഒഡീഷയില്‍ ബിജു സ്വാസ്ഥ്യ കല്യാണ്‍ യോജന എന്ന പേരില്‍ നടപ്പാക്കുന്ന ആരോഗ്യ പദ്ധതി മോദികെയറിനേക്കാള്‍ മികച്ചതാണെന്ന വാദവും സംസ്ഥാനത്തിനുണ്ട്.


Read:  നിര്‍ഭയക്കേസ്; പ്രതികളുടെ വധശിക്ഷ റദ്ദാക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി; പ്രതികളുടെ പുന: പരിശോധനാ ഹരജി തള്ളി


പഞ്ചാബും ദല്‍ഹിയും ഇനിയും മോദികെയറിനോട് അനുകൂലം പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതി നടപ്പാക്കാന്‍ സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ബജറ്റിലാണ് ആരോഗ്യ പരിരക്ഷ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച പദ്ധതിയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്നാണ് ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനമന്ത്രി വിശേഷിപ്പിച്ചത്.