സംഭാല്‍ മസ്ജിദ് സര്‍വേ; തുടര്‍നടപടികള്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ
national news
സംഭാല്‍ മസ്ജിദ് സര്‍വേ; തുടര്‍നടപടികള്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 7:56 am

ലഖ്നൗ: സംഭാല്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ. സിവില്‍ കോടതിയുടെ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് നടപടി. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മാനേജ്‌മെന്റ് കമ്മിറ്റി ഹരജി നല്‍കിയത്.

നിലവില്‍ കക്ഷികളുടെ വാദം കേട്ട ശേഷം സ്റ്റേ സംബന്ധിച്ച് ഉത്തരവുണ്ടാകുമെന്ന് കോടതി അറിയിച്ചു.

ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളാണ് ഹരജി പരിഗണിച്ചത്. ഹരജിയിലെ വാദം ഫെബ്രുവരി 25ലേക്ക് മാറ്റി. സംഭാലിലെ ജുമാ മസ്ജിദ് ക്ഷേത്രം തകര്‍ത്ത് പണിതതാണെന്ന ഹരജിയെ തുടര്‍ന്നുള്ള നടപടികളാണ് കോടതി സ്റ്റേ ചെയ്തത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംഭാല്‍ ജില്ലാ മജിസ്ട്രേറ്റ് എന്നിവരില്‍ നിന്ന് വിശദീകരണം തേടിയതിന് ശേഷമായിരിക്കും കോടതി ഉത്തരവ് പുറപ്പെടുവിക്കുക.

നേരത്തെ സംഭാല്‍ മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖിന്റെ അറസ്റ്റും അലഹബാദ് ഹൈക്കോടതി തടഞ്ഞിരുന്നു.

നാല് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷമുണ്ടാവാന്‍ പ്രകോപനം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് സംഭാല്‍ പൊലീസ് എം.പിക്കെതിരെ കേസെടുത്തത്.

നവംബര്‍ 19ന് ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേ നടത്താന്‍ സിവില്‍ കോടതി ഉത്തരവിട്ടിരുന്നു.

മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തെ ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഹരജിക്കാര്‍ കോടതിയില്‍ അവകാശപ്പെടുകയായിരുന്നു. പിന്നാലെയുണ്ടായ ഉത്തരവിനെ തുടർന്ന് നവംബര്‍ 24ന് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

കല്ലേറുണ്ടായ സംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എസ്.പി എം.പിക്കെതിരെ യു.പി പൊലീസ് കേസെടുത്തത്.

Content Highlight: Sambhal Masjid Survey; Stay of Allahabad High Court for further proceedings