രാജ് താക്കറെ മൂന്നോ നാലോ മാസത്തോളം മണ്ണിനടിയില്‍ കഴിഞ്ഞ ശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഒരു പ്രഭാഷണം നടത്തും: ശരദ് പവാര്‍
national news
രാജ് താക്കറെ മൂന്നോ നാലോ മാസത്തോളം മണ്ണിനടിയില്‍ കഴിഞ്ഞ ശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഒരു പ്രഭാഷണം നടത്തും: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2022, 6:54 pm

കോലാപൂര്‍: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തലവന്‍ ശരദ് പവാര്‍. 3-4 മാസത്തിലൊരിക്കല്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്ന രാഷ്ട്രീയ അസ്തിത്വമാണ് രാജ് താക്കറയെന്ന് ശരദ് പവാര്‍ പറഞ്ഞു.

ജാതി രാഷ്ട്രീയം പ്രയോഗിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന താക്കറെയുടെ ആരോപണത്തിന് മറുപടിയായാണ് പവാറിന്റെ രൂക്ഷമായ പരാമര്‍ശം.

‘രാജ് താക്കറെ മൂന്നോ നാലോ മാസത്തോളം മണ്ണിനടിയില്‍ കഴിയുകയും പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഒരു പ്രഭാഷണം നടത്തുകയും ചെയ്യുന്നു. ഇതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മാസങ്ങളോളം അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല,’ പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താക്കറയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നില്ലെന്നും അദ്ദേഹത്തിന്റെ വോട്ടിംഗ് ശതമാനം അതിന്റെ തെളിവാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഛഗന്‍ ഭുജ്ബല്‍, മധുകര്‍റാവു പിച്ചാട് തുടങ്ങിയവര്‍ എന്‍.സി.പിയുടെ സംസ്ഥാന അസംബ്ലിയില്‍ സഭാ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. അക്കാര്യം എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വികസന സംരംഭങ്ങളെ മഹാരാഷ്ട്രയിലെ വികസന സംരംഭങ്ങളുമായി താരതമ്യം ചെയ്ത താക്കറെയുടെ പ്രശംസയ്ക്കും പവാര്‍ രൂക്ഷമായി വിമര്‍ശിച്ചു.

‘യു.പിയില്‍ അടുത്തിടെ എന്താണ് സംഭവിച്ചത്? തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പല കാരണങ്ങളാല്‍ വ്യത്യസ്തമായിരുന്നു. കര്‍ഷകര്‍ യു.പി അതിര്‍ത്തിയില്‍ പ്രതിഷേധിച്ചു, പക്ഷെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരും എത്തിയില്ല,’ പവാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Raj Thackeray Is A Vanishing Political Entity: Sharad Pawar’s Swipe