ഐ.പി.എല്ലില്‍ ഇന്ന് (ബുധന്‍) നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയം രുചിച്ച രാജസ്ഥാന് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി തിരിച്ചുവന്നിരുന്നു.
അതേസമയം ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ നിലവില്‍ ഏഴാമതുള്ള രാജസ്ഥാന് വിജയം സ്വന്തമാക്കി മുന്നേറാനാണ് ലക്ഷ്യംവെക്കുന്നത്.
ഗുജറാത്തിനെതിരെ കളത്തില്‍ ഇറങ്ങുന്നതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ടി-20 ക്രിക്കറ്റില്‍ 300 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇതുവരെ 299 ടി-20 മത്സരങ്ങളില്‍ നിന്നും 7481 റണ്‍സാണ് സഞ്ജു നേടിയത്.
ആറ് സെഞ്ച്വറികളും 48 അര്‍ധ സെഞ്ച്വറികളുമാണ് രാജസ്ഥാന് നായകന് ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുള്ളത്. സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പടെ 137 റണ്‍സാണ് നിലവില്‍ സഞ്ജു നേടിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ സഞ്ജു ഐ.പി.എല്ലിലെ ഒരു നാഴികകല്ല് പിന്നിട്ടിരുന്നു. 4500 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 4500 റണ്‍സ് സ്വന്തമാക്കുന്ന പതിനാലാമത്തെ താരമാണ് സഞ്ജു.
അതേസമയം പരിക്കിന്റെ പിടിയില്‍ നിന്ന് തിരിച്ചുവന്നതോടെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന് ഒരു പടി മുന്നിലേക്ക് കുതിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും മെച്ചപ്പെട്ട പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.
തുടക്കത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പഞ്ചാബിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച തിരിച്ചുവരവാണ് നടത്തിയത്. മാത്രമല്ല ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന് 45 പന്തില്‍ നിന്ന് 67 റണ്‍സ് നേടി ഫോം വീണ്ടെടുക്കാനും സാധിച്ചിരുന്നു. മത്സരത്തില്‍ സഞ്ജു സാംസണ് 26 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയിരുന്നു.
Content Highlight: Sanju Samson could complete 300 T20 matches when he takes the field against Gujarat Titans