ശക്തമായ മഴ തുടരും; 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും അവധി
Kerala News
ശക്തമായ മഴ തുടരും; 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 8:03 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഓഗസ്റ്റ് മൂന്ന് വരെ അതിശക്തമായ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്(ഐ.എം.ഡി ) അറിയിച്ചു.

വടക്കൻ ജില്ലകളായ വയനാട്, കോഴിക്കോട്, മലപ്പുറം, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഇന്ന് (31- 07 – 24) ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം ഇന്ന് രാത്രിയോടെ അവസാനിക്കും. കടലിൽ പോവരുതെന്ന കർശന മുന്നറിയിപ്പുമുണ്ട്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലായ് 31)ന് അവധിയായിരിക്കും. എം.ജി സർവകലാശാലയും കേരള സർവകലാശാലയും ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

അതേസമയം മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവർക്കുള്ള ആദരവായി സംസ്ഥാനത്ത് ഇന്നും ദുഃഖാചരണമാണ്. ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു പരിപാടികൾ റദ്ദാക്കുകയും ദേശീയ പതാക താഴ്ത്തി കെട്ടുകയും ചെയ്യുമെന്ന് സർക്കാർ ഇന്നലെ അറിയിച്ചിരുന്നു.

 

Content Highlight: Rain Alert Kerala, Holiday For Educational Institution In 12 District