മലയാള സിനിമയെ അന്താരാഷ്ട്ര തലങ്ങളിക്ക് ഉയര്‍ത്താന്‍ കഴിയുന്ന സംവിധായകനാണ് രാഹുല്‍ സദാശിവന്‍. റെഡ് റെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത്. എന്നാല്‍ തുടക്കം പരാജയമായി മാറി. തുടര്‍ന്ന് നീണ്ട വര്‍ഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം 2022 ഭൂതകാലം എന്ന ചിത്രത്തിലൂടെ പ്രേക്ഷരെ എല്ലാവരെയും ഞെട്ടിച്ചു.
കഴിഞ്ഞ വര്‍ഷമിറങ്ങിയ ഭ്രമയുഗം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെ രാഹുല്‍ തന്റേതായ സ്ഥാനം ഇന്‍ഡസ്ട്രിയില്‍ ഉറപ്പിച്ചു. ചെയ്ത മൂന്ന് ചിത്രങ്ങളും വ്യത്യസ്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചതെങ്കിലും എല്ലാം ഹൊറര്‍ ഴോണറിലുള്ളതായിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് താന്‍ ഹൊറര്‍ ഴോണര്‍ ഇഷ്ടപ്പെടുന്നത് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് രാഹുല്‍ സദാശിവന്‍.
ചെറുപ്പം മുതല്‍ തനിക്ക് ഹൊറര്‍ ഭയങ്കര ഇഷ്ടമാണെന്ന് രാഹുല്‍ സദാശിവന്‍ പറയുന്നു. 1993ല്‍ മണിച്ചിത്രത്താഴ് എന്ന ചിത്രം ഇറങ്ങിയപ്പോള്‍ കുട്ടികള്‍ ഹൊറര്‍ കാണാന്‍ പാടില്ലെന്ന് പറഞ്ഞ് തങ്ങളെ ആ ചിത്രം കൊണ്ടുപോയി കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് കാണാതെ പോയ ചിത്രങ്ങള്‍ തന്നില്‍ ഒരുപാട് ആകാംക്ഷ നിറച്ചെന്നും അങ്ങനെ താന്‍ തന്നെ ഉണ്ടാക്കാന്‍ തുടങ്ങിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ സദാശിവന്‍.
‘ചെറുപ്പം മുതലേ എനിക്ക് ഹൊറര്‍ ഭയങ്കര ഇഷ്ടമാണ്. എന്റെ ഗ്രാന്‍ഡ് ഫാദര്‍ കുറേ പുസ്തകം വായിക്കുമായിരുന്നു. അന്ന് എവിടെയും കിട്ടാത്ത ഒരു ബുക്കായിരുന്നു ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്നത്. അത് എവിടെ തപ്പിയാലും കിട്ടില്ല. അന്ന് ഓണ്‍ലൈന്‍ ഇല്ല. അതുകൊണ്ടുതന്നെ ആ വഴി വായിക്കാന്‍ കഴിയില്ല. പക്ഷെ ഗ്രാന്‍ഡ് ഫാദറിന്റെ കയ്യില്‍ അതുണ്ടായിരുന്നു.
1993ല്‍ ആയിരുന്നു മണിച്ചിത്രത്താഴ് എന്ന മോഹന്‍ലാലിന്റെ സിനിമ ഇറങ്ങുന്നത്. അന്ന് അത് കാണണം എന്ന് ഭയങ്കര ആഗ്രഹമായിരുന്നു. എന്നാല്‍ കുട്ടികള്‍ ഹൊറര്‍ കാണാന്‍ പാടില്ലെന്ന് പറഞ്ഞ് ഞങ്ങളെ ആരെയും ആ ചിത്രം കൊണ്ടുപോയി കാണിച്ചില്ല.
അങ്ങനെ അന്ന് കാണാന്‍ കഴിയാതെപോയ ഒരുപാട് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എഴുപതുകളില്‍ എക്സോര്‍സിസ്റ്റ് വന്നു. എണ്‍പതില്‍ ഈവിള്‍ ഡെഡ് വന്നു. കുറേ കാലം നമുക്കിതൊന്നും കാണാന്‍ കഴിയില്ല എന്നൊരു പരിമിതി ഉണ്ടായിരുന്നു.
അതെനിക്ക് നല്ല ആകാംക്ഷയായിരുന്നു. ഒരു കാലം കഴിഞ്ഞപ്പോള്‍ എനിക്കിതെല്ലാം കാണണം എന്നായി. അങ്ങനെ ഞാന്‍ തന്നെ ഉണ്ടാക്കാന്‍ തുടങ്ങി. കുട്ടികാലം എന്നെ വലിയ രീതിയില്‍ ഇന്‍ഫ്‌ലുവെന്‍സ് ചെയ്തിട്ടുണ്ട്,’ രാഹുല്‍ സദാശിവന്‍ പറയുന്നു.
Content Highlight: Rahul Sadasivan talks about why he love horror genre