രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പൃഥ്വിരാജ്. കരിയറിന്റെ ആദ്യകാലത്ത് മികച്ച നടനെന്ന് പേരെടുത്ത പൃഥ്വിരാജ് കൈവെച്ച മേഖലകളിലെല്ലാം മികച്ച അഭിപ്രായം സ്വന്തമാക്കി. ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്കിണങ്ങുമെന്ന് തെളിയിച്ച പൃഥ്വി ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടനാണ്.
സംവിധാനം ചെയ്യണമെന്ന ചിന്ത തനിക്ക് ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നെന്ന് പറയുകയാണ് പൃഥ്വിരാജ്. എന്നാല്‍ അതിനുള്ള കോണ്‍ഫിഡന്‍സ് തനിക്ക് ലഭിച്ചുതുടങ്ങിയത് 2004-2006 കാലഘട്ടത്തിലാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അധികം ബജറ്റില്ലാത്ത ചെറിയ സിനിമകളായിരുന്നു താന്‍ ആ സമയത്ത് ചെയ്തുകൊണ്ടിരുന്നെതന്നും അത്തരം സിനിമകളില്‍ പലപ്പോഴും ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ഉണ്ടാകാറില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
പദ്മകുമാര്‍ സംവിധാനം ചെയ്ത വര്‍ഗം എന്ന സിനിമയില്‍ ഒരു ആക്ഷന്‍ സീന്‍ താന്‍ സംവിധാനം ചെയ്‌തെന്നും അത് തനിക്ക് വല്ലാത്ത കോണ്‍ഫിഡന്‍സ് തന്നെന്നും പൃഥ്വിരാജ് പറയുന്നു. ആ സീന്‍ പദ്മകുമാറിന് ഇഷ്ടമായെന്നും തനിക്ക് അയാള്‍ ആത്മവിശ്വാസം പകര്‍ന്നെന്നും പൃഥ്വി പറഞ്ഞു. സംവിധാനത്തിന്റെ ഒരു ടെക്‌നിക് തനിക്ക് അപ്പോള്‍ മനസിലായെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
അതേ സംവിധായകനുമായി താന്‍ ചെയ്ത വാസ്തവം എന്ന സിനിമയുടെ ക്ലൈമാക്‌സ് താന്‍ ഷൂട്ട് ചെയ്യുമെന്ന് ആദ്യമേ അവര്‍ പ്ലാന്‍ ചെയ്തിരുന്നെന്നും പൃഥ്വി പറഞ്ഞു. അതിന് ശേഷം ഒന്നുരണ്ട് സിനിമകളില്‍ താന്‍ ആക്ഷന്‍ സീനുകള്‍ കൊറിയോഗ്രഫി ചെയ്‌തെന്നും എന്നാല്‍ ഫൈറ്റേഴ്‌സ് യൂണിയനില്‍ അത് പ്രശ്‌നമായെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘സംവിധാനം ചെയ്യണമെന്ന ആഗ്രഹം ആദ്യം മുതലേ ഉണ്ടായിരുന്നു. അതിനെ കുറച്ച് സീരിയസായി കണ്ടുതുടങ്ങിയത് 2004-2006 സമയത്താണ്. ആ സമയത്ത് ഞാന്‍ ബജറ്റ് കുറവുള്ള സിനിമകളായിരുന്നു കൂടുതലും ചെയ്തുകൊണ്ടിരുന്നത്. അതിലൊന്നും ആക്ഷന്‍ കൊറിയോഗ്രഫിക്ക് ആളെ വെക്കാനുള്ള ബജറ്റ് പലപ്പോഴും ഉണ്ടാകാറില്ല. പദ്മകുമാര്‍ സംവിധാനം ചെയ്ത വര്‍ഗം എന്ന സിനിമ ഞാന്‍ ചെയ്തിരുന്നു. ആ സിനിമയിലെ ഒരു ഫൈറ്റ് സീന്‍ ഞാന്‍ ഡയറക്ട് ചെയ്തു.
അതെനിക്ക് ഒരു കോണ്‍ഫിഡന്‍സ് തന്നു. ഡയറക്ടര്‍ക്ക് അത് ഇഷ്ടമായി. സംവിധാനത്തിന്റെ ടെക്‌നിക് ഏറെക്കുറേ എനിക്ക് മനസിലായി. അതേ സംവിധായകനുമായി വീണ്ടും ഒന്നിച്ച വാസ്തവം എന്ന പടത്തിന്റെ ക്ലൈമാക്‌സ് ഞാന്‍ ഷൂട്ട് ചെയ്താല്‍ മതിയെന്ന് ആദ്യമേ അയാള്‍ പ്ലാന്‍ ചെയ്തിരുന്നു. അതിന് ശേഷവും ഒന്നുരണ്ട് പടങ്ങളില്‍ ഞാന്‍ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തു. പിന്നീട് ഫൈറ്റേഴ്‌സ് യൂണിയന്‍ അത് പ്രശ്‌നമാക്കി,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj saying M Padmakumar gave him confidence in direction