മമ്മൂട്ടി മേക്കപ്പിട്ട് ഇറങ്ങുമ്പോൾ തന്നെ കൊടുമൺ പോറ്റി വരുന്ന അനുഭവമാണെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. സെറ്റിൽ മമ്മൂട്ടിയെയല്ല മറിച്ച് ആ കഥാപാത്രത്തെയാണ് കാണുകയെന്നും രാഹുൽ പറഞ്ഞു. ആക്ഷൻ കട്ട് പറയുമ്പോൾ പേടിയാണെന്നും മമ്മൂക്കയുടെ ക്യാരക്ടർ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് അറിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. പെട്ടെന്നുള്ള റിയാക്ഷൻസ് ഉള്ള കഥാപാത്രമാണ് മമ്മൂക്കയുടേതെന്നും രാഹുൽ മാതൃഭൂമിയോട് പറഞ്ഞു.
‘മമ്മൂക്ക മേക്കപ്പിട്ട് ഇറങ്ങുമ്പോൾ തന്നെ പോറ്റിയായിട്ട് വരുന്ന ഫീൽ കിട്ടും. ആ കഥാപാത്രത്തിനെയാണ് നമ്മൾ കാണുന്നത് മമ്മൂക്കയെ കാണുന്നില്ല. ഷൂട്ട് ചെയ്ത അത്രയും ദിവസം നമ്മൾ ക്യാരക്ടറിനെ ആണ് കാണുന്നത്. ആക്ഷൻ കട്ട് പെട്ടെന്ന് പറയുമ്പോൾ നമുക്ക് പേടിയാണ്. മമ്മൂക്കയുടെ ക്യാരക്ടർ എന്ത് ചെയ്യും എന്നറിയില്ല. പെട്ടെന്നുള്ള റിയാക്ഷനും കാര്യങ്ങളുമാണ് ആ കഥാപാത്രം,’ രാഹുൽ സദാശിവൻ പറഞ്ഞു.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ മുൾമുനയിൽ നിർത്തികൊണ്ടിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായും സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായും ചിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസയോടെ പ്രദർശനം തുടരുകയാണ്.
17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്.