രാഹുല്‍ റായ്ബറേലി നിലനിര്‍ത്തും; പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്
national news
രാഹുല്‍ റായ്ബറേലി നിലനിര്‍ത്തും; പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 7:39 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാഹുലിന് പകരമായി, പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇത് ആദ്യമായാണ്. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ഖാര്‍ഗെ അറിയിച്ചു. രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ രാഹുല്‍ തീരുമാനിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ എ.ഐ.സി.സിയെ അറിയിച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വോട്ടര്‍മാരും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം.

വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതകാലം മുഴുവന്‍ വയനാട്ടുകാരുടെ സ്‌നേഹത്തെ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വര്‍ഷങ്ങളുടെ ബന്ധമാണ് റായ്ബറേലിയുമായി ഉള്ളത്. ദുഷ്‌കരമായ കാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടിലെ ഓരോ വോട്ടര്‍മാരും. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇന്നുമുതല്‍ രണ്ട് പ്രതിനിധികള്‍ ഉണ്ടാവുമെന്നും തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

രാഹുലിന്റെ അഭാവമുണ്ടെന്ന് തോന്നിക്കാത്ത വിധത്തില്‍ വയനാട്ടില്‍ പ്രവര്‍ത്തനം നടത്തുമെന്ന് പ്രിയങ്ക ഗാന്ധിയും മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള അവസാന ദിവസം നാളെയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. 6,87,649 വോട്ടുകള്‍ക്ക് റായ്ബറേലിയിലും അദ്ദേഹം മികച്ച വിജയം കൈവരിച്ചു.

Content Highlight: Rahul Rae Bareli will be retained; Priyanka Gandhi to Wayanad