Entertainment news
ഇയാളാണോ സംവിധാനം ചെയ്യുന്നത്, ശരിക്കും സിനിമാ ഷൂട്ടല്ല, ഉണ്ണിയുടെ പ്രാങ്കാണെന്ന് വിചാരിച്ചു: രാഹുല്‍ മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 24, 04:57 am
Thursday, 24th November 2022, 10:27 am

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തില്‍ അതിഥിയായി യുവതാരം രാഹുല്‍ മാധവും അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ് സെറ്റിലെ രസകരമായ അനുഭവങ്ങള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് താരം.

‘ഒരു ദിവസം ഉണ്ണി എന്നോട് ചോദിച്ചു എന്റെ പുതിയ സിനിമയില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്യാമോ എന്ന്. അടുത്തായിരുന്നു ഷൂട്ടിങ് നടക്കുന്നത്. കഥയൊന്നും ചോദിക്കാതെ അപ്പോള്‍ തന്നെ ഞാന്‍ വരാമെന്ന് പറഞ്ഞു. ഒരു പൊലീസ് ഓഫീസറുടെ റോള്‍ ആണെന്നാണ് എന്നോട് പറഞ്ഞത്.

 

അങ്ങനെ ഞാന്‍ സെറ്റില്‍ ചെല്ലുമ്പോള്‍ അവിടെ പുള്ളി ഇരിക്കുന്നുണ്ടായിരുന്നു (അനൂപ് പന്തളത്തെ ചൂണ്ടി കാണിക്കുന്നു). ഞാന്‍ ഒരു പരിഭ്രമത്തോടെ ഉണ്ണിയോട് ചോദിച്ചു. എടാ പുള്ളിയാണോ സംവിധാനം ചെയ്യുന്നത് എന്ന് പുള്ളി മറ്റേ ഗുലുമാല്‍ (ടി.വി പരിപാടി) ഒക്കെ ചെയ്യുന്ന ആളല്ലെയെന്ന് ഞാന്‍ ചോദിച്ചു.

അയാള്‍ തന്നെയാണെന്ന് ഉണ്ണി പറഞ്ഞു. പുള്ളി ആക്ഷന്‍ കട്ട് എന്നൊക്കെ പറയാന്‍ തുടങ്ങി. ശരിക്കും ഇതെന്താ പരിപാടി എന്ന് ഞാന്‍ ചിന്തിച്ചു. ഇതൊരു പ്രാങ്ക് ആണെന്നാണ് ഞാന്‍ കരുതിയത്. പിന്നെ നോക്കുമ്പോള്‍ പുള്ളിക്ക് കാര്യങ്ങളൊക്കെ അറിയാം.

പിന്നെ ഒരു ടേക്കായി രണ്ട് ടേക്കായി. ഹ്യൂമര്‍ ആണല്ലോ ഴോണര്‍, മൂന്നാമത്തെ ടേക്ക് ഒക്കെ ആയപ്പോള്‍ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഇങ്ങനെ ആളുകള്‍ ചിരിക്കുന്നത് അപൂര്‍വ സംഭവമാണ്. പിന്നെ ഓരോ ടേക്ക് കഴിയുമ്പോഴും ചിരികൂടാന്‍ തുടങ്ങി.

പിന്നെയാണ് പ്രാങ്കല്ല എന്ന് എനിക്ക് മനസിലായത്. അവസാനം ഞാന്‍ അനൂപുമായി നല്ല അടുപ്പത്തിലായി. ഞങ്ങള്‍ സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു. നല്ല സെന്‍സുള്ള ആളാണ് അനൂപ്. എന്തായാലും സിനിമ സൂപ്പര്‍ ഹിറ്റാണ്,’ രാഹുല്‍ മാധവ് പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം ലവംബര്‍ 25ന് തിയേറ്ററിലെത്തും. ഉണ്ണി മുകുന്ദന്‍, ആത്മീയ രാജന്‍, ദിവ്യ പിള്ളൈ, മനോജ്.കെ.ജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content Highlight: rahul madhav talks about shefeekkinte santhosham