national news
അമിത് ഷായുടെ മകന്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്? ബി.ജെ.പിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 17, 12:52 pm
Tuesday, 17th October 2023, 6:22 pm

ഐസ്വാള്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബാധിപത്യം ഉണ്ടെന്നുള്ള ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്? എന്റെ അറിവില്‍ ഷായുടെ മകന്‍ ക്രിക്കറ്റിനെ നയിക്കുകയാണെന്നും കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അനുരാഗ് താക്കൂര്‍ തുടങ്ങിയവരുടെ മക്കളിലൂടെ ബി.ജെ.പിയിലാണ് കുടുംബാധിപത്യം നിലനില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മിസോറാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് സംസ്ഥാനങ്ങളിലായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂര്‍ണ വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. വിജയിക്കുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും തെരഞ്ഞെടുപ്പ് ഒരു വെല്ലുവിളിയായി തോന്നുന്നില്ലെന്നും മിസോറാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത് തന്റെ രണ്ടാം ദിനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ തന്റെ പ്രചാരണത്തിലൂടെ വലിയ മുന്നേറ്റം ഉണ്ടാവുമെന്നും ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. അഭിപ്രായ സര്‍വേകള്‍ നോക്കിയാല്‍ അത് വ്യക്തമാവുകയും ചെയ്യുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പിക്ക് വര്‍ഗീയമായ കാഴ്ച്ചപ്പാടാണ് ഉള്ളത്. ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആണ്. വിവിധങ്ങളായ സംസ്‌കാരങ്ങളും ചരിത്രങ്ങളും സംരക്ഷിക്കപ്പെടണം. ഇന്ത്യയുടെ അടിത്തറ പാകിയ രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിനൊരു റെക്കോഡ് ഉണ്ട്,’ രാഹുല്‍ പറഞ്ഞു.

ഇന്ത്യ സഖ്യത്തെ മുന്‍നിര്‍ത്തി രാജ്യത്തെ മൂല്യങ്ങളും ഭരണഘടനാപരമായ ചട്ടക്കൂടും സ്വാതന്ത്ര്യവും തങ്ങള്‍ സംരക്ഷിക്കുമെന്നും, ഒരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കേണ്ട അവസ്ഥയില്ലെന്നും അത്തരമൊരു അവസ്ഥ നേരിടുന്നത് ബി.ജെ.പിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് മൂലം യുവാക്കള്‍ തുടരെ മരണപെടുന്നതിലും മയക്കുമരുന്നു കടത്തലും എം.എന്‍.എഫ് (മിസോ നാഷണല്‍ ഫ്രണ്ട്) സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും, ഇന്ത്യയിലെ പൊതുസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ജനതയുടേതാണെന്നും മറ്റൊരു സംഘടനക്കും അവ അവകാശപെട്ടതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളെ പിടിച്ചെടുക്കാന്‍ നോക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

40 സീറ്റുകളിലായി എം.എന്‍.എഫ് ഭരിക്കുന്ന മിസോറം തെരഞ്ഞെടുപ്പിലേക്ക് 39 സ്ഥാനാര്‍ത്ഥികളടങ്ങുന്ന പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

 

 

Content Highlight: Rahul hits back at B.J.P charge against congress’s dynastic politics