മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് വലിച്ചുകീറിയ രാഹുലിന്റെ പ്രവര്‍ത്തിയാണ് ഏറ്റവും വലിയ ധാര്‍ഷ്ട്യം; സുഷമാ സ്വരാജ്
D' Election 2019
മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് വലിച്ചുകീറിയ രാഹുലിന്റെ പ്രവര്‍ത്തിയാണ് ഏറ്റവും വലിയ ധാര്‍ഷ്ട്യം; സുഷമാ സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 8:48 am

ന്യൂദല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി സുഷമാ സ്വരാജ്. 2013 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓര്‍ഡിനന്‍സ് തള്ളിയ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തി ഏറ്റവും വലിയ ധാര്‍ഷ്ട്യമാണെന്നായിരുന്നു സുഷ്മാ സ്വരാജിന്റെ കുറ്റപ്പെടുത്തല്‍.

പ്രയങ്കഗാന്ധിയെ ഉദ്ധരിച്ചുകൊണ്ടുള്ള ട്വിറ്ററിലായിരുന്നു രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയുള്ള സുഷമാ സ്വരാജിന്റെ പരാമര്‍ശം

‘പ്രീയങ്കാ ജീ.. ഇന്ന് നിങ്ങള്‍ ധാര്‍ഷ്ട്യത്തെ കുറിച്ച് സംസാരിച്ചു. ഇപ്പോള്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ തോന്നുന്നത് രാഹുല്‍ ഗാന്ധി നിങ്ങളുടെ തന്നെ പ്രധാനമന്ത്രിയെ അപമാനിച്ചതാണ്. പ്രസിഡണ്ട് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് അദ്ദേഹം വലിച്ചു കീറി. അതാണ് ഏറ്റവും വലിയ ധാര്‍ഷ്ട്യം.’സുഷമാ സ്വരാജ് പറഞ്ഞു.

അതേ ദിവസം പ്രിയങ്കാ ഗാന്ധി ഹരിയാനയിലെ അമ്പളയില്‍ നടത്തിയ റാലിയിലെ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുഷമായുടെ ട്വീറ്റ്.

‘മഹാഭാരതത്തിലെ ദുര്യോധനനുണ്ടായ വിധിയിലെ പാഠം ബി.ജെ.പി ഉള്‍ക്കൊള്ളണം. ആ ധാര്‍ഷ്ട്യത്തില്‍ രാജ്യം ഒരിക്കലും മാപ്പ് തരില്ല എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.’

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും സുഷമാ സ്വരാജ് രുക്ഷമായി വിമര്‍ശിച്ചു. ഫോനി ചുഴലിക്കാറ്റിന് ശേഷം പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ചക്ക് വിസമ്മതിച്ചതിനെയാണ് കുറ്റപ്പെടുത്തിയത്.

‘മമതാ ജി..ഇന്ന് നിങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും മറികടന്നിരിക്കുന്നു. നിങ്ങള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയും മോദിജി രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാണ്. നാളെ നിങ്ങള്‍ അവരുമായി സംസാരിക്കേണ്ടി വരും. സുഷമാ സ്വരാജ് മറ്റെരു ട്വീറ്റിലുടെ പറഞ്ഞു.