സംഭാലിലേക്ക് തിരിച്ച രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് പൊലീസ്; പ്രതിഷേധം
national news
സംഭാലിലേക്ക് തിരിച്ച രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് പൊലീസ്; പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 11:09 am

ലഖ്‌നൗ: സംഭാല്‍ സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു.  ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ച് തടയുകയും പൊലീസ് ബസ് കുറുകെ ഇടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി സംഭലിലേക്ക് തിരിച്ചത്.

ദില്ലി പിന്നിട്ട് യു.പി അതിര്‍ത്തി പ്രവേശിച്ചതിന് പിന്നാലെ സംഭാലില്‍ നിന്ന് 140 കിലോമീറ്റര്‍ ഇപ്പുറം തടഞ്ഞതായാണ് റിപ്പോര്‍ട്ട്. യു.പി പൊലീസാണ് കോണ്‍ഗ്രസ് നേതാക്കളെ ബാരിക്കേഡ് കെട്ടി തടഞ്ഞത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങി പോവണമെന്നാണ് യു.പി പൊലീസിന്റെ ആവശ്യം. അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാഹനത്തില്‍ തന്നെ തുടരുകയാണ്.

രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടുകയും പൊലീസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം നേരത്തെ തന്നെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ ആയിരത്തോളം വരുന്ന പൊലീസി സന്നാഹത്തെ യു.പി സര്‍ക്കാര്‍ നിയമിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച സംഭാലില്‍ ാരെയും കടത്തിവിടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭാല്‍ സന്ദര്‍ശിച്ചപ്പോള്‍ അവരെയും പൊലീസ് തടഞ്ഞിരുന്നു.

Content Highlight: Rahul Gandhi was stopped by the police when he returned to the conflict-affected area of Sambhal