ന്യൂദല്‍ഹി: മോദി സമുദായത്തിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന പരാമര്‍ശം വെറും
വ്യംഗ്യാര്‍ത്ഥ പ്രയോഗം മാത്രമായിരുന്നെന്നും
രാഹുല്‍ ഗാന്ധി സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞു.
” ഏതെങ്കിലും സമുദായത്തെ ലക്ഷ്യംവെക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്തെ ഒരു കളിയാക്കല്‍ മാത്രമാണത്. എനിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ ഓര്‍മ്മയില്ല, ”രാഹുല്‍ ഗാന്ധി പറഞ്ഞു.
നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കിയെന്ന ആരോപണം രാജ്യതാത്പര്യം മുന്‍നിര്‍ത്തി ഉന്നയിച്ചതാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മാനനഷ്ട കേസില്‍ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എന്‍. ദാവേയെക്ക് മുന്നില്‍ ഹാജരായാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നാണ് രാഹുല്‍ മൊഴി നല്‍കിയത്.
നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കിയെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചോദിച്ചു. ദേശീയ നേതാവ് എന്ന നിലയില്‍ അഴിമതി, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
ബി.ജെ.പി. എം.എല്‍.എ. പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ സൂററ്റിലെ മജിസ്ട്രേറ്റ് കോടതിയിലാണ് രാഹുല്‍ ഗാന്ധി ഹാജരായത്.
മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാണ് കേസ്.
2019ല്‍ ഏപ്രില്‍ 13ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ കര്‍ണാടകയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. രാഹുലിന്റെ പ്രസംഗം മുഴുവന്‍ മോദി സമുദായത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂര്‍ണേഷ് മോദി പരാതി നല്‍കിയത്.