ന്യൂദല്‍ഹി: വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ മനസില്‍ നിന്ന് ഭയം നീക്കാന്‍ യാത്രക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘യാത്രയ്ക്കിടെ മഞ്ഞുകാലത്ത് ഞാന്‍ ടീ ഷര്‍ട്ട് ധരിച്ചതിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്റെ വസ്ത്രധാരണം അവര്‍ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും കീറിയ വസ്ത്രങ്ങളുമായി എനിക്കൊപ്പം നടക്കുന്നത് ശ്രദ്ധിക്കുന്നില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉത്തരേന്ത്യയിലെല്ലാം അതിശൈത്യമാണിപ്പോള്‍. എന്നാല്‍ യാത്രയിലുടനീളം രാഹുല്‍ ഗാന്ധി ഒരേ തരത്തിലുള്ള ടീ ഷര്‍ട്ടാണ് ധരിക്കുന്നത്. ഈ തണുപ്പത്തും ടീ ഷര്‍ട്ട് മാത്രം ധരിച്ചുള്ള രാഹുലിന്റെ നടപ്പ് മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതിനിടെയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
അതേസമയം, ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ച രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോണി അതിര്‍ത്തിയില്‍ സ്വാഗതം ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ മാവികല ഗ്രാമത്തില്‍ നിന്നാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. നിവാര, സരൂര്‍പൂര്‍, ബറാത്ത് എന്നിവിടങ്ങളില്‍ കൂടിയാണ് സംസ്ഥാനത്തില്‍ യാത്ര കടന്നുപോകുന്നത്.
गंगा-जमुनी तहज़ीब की जन्मभूमि, जिसका इतिहास और बलिदान उसकी देशभक्ति का प्रमाण है, और जो क्रांति की नई मिसाल कायम करने में सक्षम है – उत्तर प्रदेश की पावन धरती को मेरा प्रणाम। pic.twitter.com/N3jsZ94WPH
സംസ്ഥാനത്ത് നിന്ന് വിദ്വേഷം പിഴുതെറിയുകയാണ് ലക്ഷ്യമെന്നാണ് യാത്രയിലുടനീളം കോണ്‍ഗ്രസ് പറഞ്ഞത്. അടുത്ത രണ്ട് ദിവസം കൂടി യാത്ര ഉത്തര്‍പ്രദേശിലൂടെ സഞ്ചരിക്കും.
ജനുവരി ആറിന് ജോഡോ യാത്ര ഹരിയാനയില്‍ പ്രവേശിക്കും. ജനുവരി 11 മുതല്‍ 20 വരെ പഞ്ചാബിലായിരിക്കും. ജനുവരി 19ന് ഹിമാചല്‍പ്രദേശിലും പ്രവേശിക്കും. ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുക.