Advertisement
national news
'അയോധ്യ മോദിയുടെയും ബി.ജെ.പിയുടെയും പരിപാടി, അവിടേക്ക് ഞങ്ങള്‍ എന്തിന് പോവണം'; നാഗാലാന്റില്‍ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 16, 10:44 am
Tuesday, 16th January 2024, 4:14 pm

കൊഹിമ: അയോധ്യയില്‍ നടക്കാന്‍ പോവുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും പരിപാടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമക്ഷേത്ര ചടങ്ങിനെ മോദിയും ബി.ജെ.പിയും രാഷ്ട്രീയ ആയുധമാക്കി മാറ്റിയെന്നും ആ പരിപാടിയിലേക്ക് കോണ്‍ഗ്രസിന് പോവേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരില്‍ നിന്ന് നാഗാലാന്റില്‍ എത്തിയ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്റെ വിമര്‍ശനം.

നാഗാലാന്റിലെ ജനങ്ങളെ മോദി വഞ്ചിച്ചുവെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി പാലിച്ചില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. മോദി നിരന്തരമായി വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ അവ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളുമായി ഒപ്പിട്ട കരാറുകള്‍ സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതില്‍ എന്‍.ഡി എ സര്‍ക്കാരിന് അടിപതറിയെന്നും ദളിത്, പിന്നാക്ക വിഭാഗക്കാര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ പ്രാതിനിധ്യം സംസ്ഥാനത്ത് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി മുന്നോട്ട് വെക്കുന്നത് അനീതിയുടെ മോഡലാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ഭാരത് ജോഡോ ന്യായ് യാത്രയാണെന്നും ഇതിന്റെ ലക്ഷ്യം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യം സജ്ജരാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സഖ്യത്തിനുള്ളില്‍ ജനാധിപത്യപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അവയെല്ലാം പരിഹരിച്ച് ശക്തമായി ബി.ജെ.പിക്കെതിരെ പോരാടാന്‍ തങ്ങള്‍ക്കാവുമെന്ന് പ്രതീക്ഷയുണ്ടെന്നും രാഹുല്‍ പറഞ്ഞു. നിലവില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും രാഹുല്‍ അറിയിച്ചു.

Content Highlight: Rahul Gandhi said that Prime Minister Narendra Modi’s program is going to be held in Ayodhya