പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ടത്, ഞാന്‍ പോരാടുന്നത് കോണ്‍ഗ്രസിന് വേണ്ടിയല്ല രാജ്യത്തിനായാണ്: രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി.
പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്‌നേഹവും പിന്തുണയുമാണ് ജോഡോ യാത്ര പൂര്‍ത്തീകരിക്കാന്‍ തുണയായതെന്നും അദ്ദേഹം പറഞ്ഞു. ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കുടുംബവും മഹാത്മാ ഗാന്ധിയും തന്നെ പഠിപ്പിച്ചത് ഭയരഹിതനായി ജീവിക്കാനാണ്. കശ്മീരിലെ ജനങ്ങള്‍ എനിക്ക് ഗ്രനേഡ് അല്ല സ്നേഹം മാത്രമാണ് തന്നത്. കശ്മീരില്‍ വാഹനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂവെന്ന് സുരക്ഷാസേനാ അറിയിച്ചുവെന്നും, എന്നാല്‍ കശ്മീരിലേക്ക് കടന്നപ്പോള്‍ കുടുംബത്തില്‍ എത്തിയ വികാരമായിരുന്നു തനിക്കെന്നും രാഹുല്‍ പറഞ്ഞു.
‘ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്‌നമായി ഒരിക്കലും തോന്നിയിരുന്നില്ല. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് യാത്രയുടെ ആദ്യഘട്ടത്തില്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. അതോടെ എന്റെ മനസിലെ അഹങ്കാരം ഇല്ലാതെയായി.
ഈ യാത്ര പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നാണ് കരുതിയത്. എന്നാല്‍ അനേകായിരം പേര്‍ ഒപ്പം ചേര്‍ന്നത് വലിയ ഉത്തേജനമായി മാറി. യാത്രക്കിടെ ഒരുപാടുപേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകള്‍ കരഞ്ഞു കൊണ്ട് തങ്ങള്‍ നേരിട്ട പീഡനാനുഭവങ്ങള്‍ പങ്കുവെച്ചു.
ബി.ജെ.പിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താന്‍ ആകില്ല. കാരണം അവര്‍ക്ക് ഭയമാണ്. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്ര മോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസിലാകില്ല.
എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അത് മനസിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും.
ഞാന്‍ പോരാടുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല രാജ്യത്തിനായാണ്, ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണ്. ഇന്ത്യയിലെ മതങ്ങളും ആത്മീയാചര്യന്‍മാരും പറയുന്നത് സ്‌നേഹത്തിന്റെ സന്ദേശമാണ്,’ രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ നടന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
പദയാത്രയുടെ സമാപനം പ്രതിപക്ഷ നിരയിലെ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. കശ്മീരിലെ നേതാക്കളായ ഫാറൂഖ് അബ്ദള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയും സമാനപന സമ്മേളനത്തില്‍ സംസാരിച്ചു.
136 ദിവസം പിന്നിട്ട് 4,080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പര്യവസാനത്തിലേക്കെത്തുന്നത്.