ഇംഫാല്‍: മണിപ്പൂരില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സമാധാനം ആവശ്യമുണ്ടെന്നും അതിനായി സര്‍ക്കാരുകളുമായി എന്ത് സഹകരണത്തിനും താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ജനത അക്രമത്തിന്റെ പാതയില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പരസ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താതെ, മണിപ്പൂരിന്റെ സമാധാനത്തിനായി മാധ്യമങ്ങളിലൂടെ എല്ലാവരോടും പരസ്യമായി അഭ്യര്‍ത്ഥന നടത്തുകയാണ് അദ്ദേഹം ചെയ്തത്.
‘എല്ലാവരും അക്രമത്തിന്റെ പാത ഉപേക്ഷിക്കണം. അക്രമം ആര്‍ക്കും ഒന്നും നേടിത്തരില്ല. ശാന്തിയുടെ മാര്‍ഗമാണ് മുന്നോട്ടേക്ക് വേണ്ടത്. എല്ലാ ജനവിഭാഗങ്ങളും സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരണം.
മണിപ്പൂരില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സമാധാനം ആവശ്യമുണ്ട്. അതിനായി സര്‍ക്കാരുകളുമായി എന്ത് സഹകരണത്തിനും ഞാന്‍ തയ്യാറാണ്. മണിപ്പൂരിലെ എല്ലാ ജനങ്ങളേയും എനിക്ക് ഇഷ്ടമാണ്. മണിപ്പൂരിലുണ്ടായിരിക്കുന്നത് അതിഭീകരമായൊരു ദുരന്തമാണ്. നമ്മളെല്ലാവരും ഇവിടെ സമാധാനം കൊണ്ടുവരാന്‍ ഒന്നിക്കണം.
മണിപ്പൂരിലെ ക്യാമ്പുകളില്‍ ഞാന്‍ പോയി. എല്ലാ കമ്മ്യൂണിറ്റിയിലേയും ജനങ്ങളുമായി ഞാന്‍ ചര്‍ച്ച നടത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം,’ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
റോഡ് മാര്‍ഗം സഞ്ചരിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഇന്ന് ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധി ബിഷ്ണുപൂരിലെത്തിയത്. കലാപബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
മെയ്തി, കുക്കി വിഭാഗത്തിലെ ജനങ്ങളോടും നാഗാ വിഭാഗം ഉള്‍പ്പെടെ 17ഓളം പാര്‍ട്ടികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. വലിയ ജനക്കൂട്ടം ആണ് കലാപ ബാധിത പ്രദേശത്ത് എത്തിയ ആദ്യ പ്രതിപക്ഷ പാര്‍ട്ടി നേതാവിനെ കാണാനും പരാതി പറയാനും എത്തിച്ചേര്‍ന്നത്.