ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവിട്ട ഹിന്ദു പത്രത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാവുമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ ഗോപാലിനെ കുറ്റപ്പെടുത്തി എഡിറ്റേഴ്‌സ് ഗില്‍ഡ്. എ.ജിയുടെ പ്രസ്താവന മാധ്യമപ്രവര്‍ത്തനത്തിന് എതിരാണെന്നും ഇത് പുറത്ത് വിട്ട മാധ്യമങ്ങള്‍ക്കെതിരെ സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കുന്നത് ആക്ഷേപകരമാണെന്നും എഡിറ്റേര്‍സ് ഗില്‍ഡ് പറഞ്ഞു.
ഫെബ്രുവരി എട്ടിനായിരുന്നു ആദ്യമായി “ദ ഹിന്ദു” റഫാല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. മാര്‍ച്ച് ആറിന് വീണ്ടും വിവരങ്ങള്‍ പുറത്തുവിട്ടത് സുപ്രീംകോടതിയിലെ വിചാരണയെ സ്വാധീനിക്കാനാണെന്നും അത് കോടതിയലക്ഷ്യമാണെന്നും എ.ജി ആരോപിച്ചിരുന്നു.
രഹസ്യ സ്വഭാവമുള്ള ആ രേഖകള്‍ മോഷ്ടിച്ചതാണെന്നും പ്രതിരോധ മന്ത്രാലയവുമായും ദേശസുരക്ഷയുമായും ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മോഷ്ടിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും പത്രത്തിനെതിരെയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും എ.ജി പറഞ്ഞിരുന്നു.
റഫാല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ മുന്‍മന്ത്രിമാരും മുന്‍ ബി.ജെ.പി നേതാക്കളുമായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുക്കുമ്പോഴാണ് ദ ഹിന്ദു പത്രം പുറത്തു വിട്ട രേഖകള്‍ ഔദ്യോഗികരേഖകള്‍ തന്നെയാണെന്ന് കേന്ദ്രസര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നത്.
റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ സമ്മതിച്ചു. തെളിവുകള്‍ മോഷ്ടിക്കപ്പെട്ടതിനാല്‍ “ദ ഹിന്ദു” പത്രം പുറത്തുവിട്ട രേഖകള്‍ പരിഗണിക്കരുതെന്നും എ.ജി കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയോട്ആവശ്യപ്പെട്ടിരുന്നു.