റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായി നാളെ കേരളത്തിലെത്തി കീഴടങ്ങിയേക്കും
Radio Jockey Murder Case
റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായി നാളെ കേരളത്തിലെത്തി കീഴടങ്ങിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th April 2018, 11:31 pm

തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതി അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ ചൊവ്വാഴ്ച കേരളത്തിലെത്തും. പൊലീസില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

കൃത്യം നടന്നതിന് ശേഷം നേപ്പാള്‍ വഴി ഖത്തറിലേക്ക് കടന്ന ഇയാള്‍ ചൊവ്വാഴ്ച രാവിലെയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.


Read Also: ദളിത് ഹര്‍ത്താലിനെ തകര്‍ക്കാന്‍ പൊലീസ് ശ്രമം; സംസ്ഥാന വ്യാപകമായി കസ്റ്റഡിയിലെടുത്തത് നൂറിലധികം പേരെ


രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നെന്ന് പറയപ്പെടുന്ന കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ ഇന്ന് രാവിലെ പിടിയിലായിരുന്നു. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞത്.

പ്രവാസി വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.


Read Also: ശിവസേന പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍


മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആറ്റിങ്ങല്‍ മടവൂരിനടുത്ത് രാജേഷിനെ ഒരു സംഘം വെട്ടിക്കൊന്നത്. കാറിലെത്തിയ നാലംഗ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് കുട്ടനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ റേഡിയോ ജോക്കിയും ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം.