ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ബാറ്റിങ് കൊണ്ടും കളിക്കളത്തിലെ ആറ്റിറ്റിയൂഡ് കൊണ്ടും ഫീല്‍ഡിങ് കൊണ്ടും അദ്ദേഹം ക്രിക്കറ്റ് ആരാധകരുടെയും മുന്‍ താരങ്ങളുടെയും മനം കവര്‍ന്നിരുന്നു.
മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വിരാട്. തന്റെ ഫീല്‍ഡിങ് മെച്ചപ്പെടുത്താന്‍ വളരെ കഠിനാധ്വാനം ചെയ്യുന്നയാളാണ് 33 വയസുള്ള താരം. എന്നാല്‍ തുടക്ക കാലത്ത് അദ്ദേഹം ഫീല്‍ഡിങ്ങില്‍ പിഴവ് വരുത്തിയിരുന്നു. സ്ലിപ്പിലായിരുന്നു വിരാട് മോശം പ്രകടനം കാഴ്ചവെച്ചിരുന്നത്.
അദ്ദേഹത്തിന്റെ എനര്‍ജറ്റിക്ക് സ്വഭാവം സ്ലിപ്പില്‍ ഒരുപാട് ക്യാച്ചുകള്‍ വിടുന്നതിന് കാരണമായി. എന്നാല്‍ വിരാട് വിട്ടുകൊടുക്കാന്‍ തയ്യാറാല്ലായിരുന്നു. ഇന്ത്യയുടെ മുന്‍ ഫീല്‍ഡറായ ആര്‍. ശ്രീധറാണ് ഇക്കാര്യം പറയുന്നത്. ഒരു ഫീല്‍ഡറെന്ന നിലയില്‍ വിരാട് വളരുന്നത് നേരിട്ട് കണ്ടറിഞ്ഞ കോച്ചാണ് അദ്ദേഹം.
”തുടക്കത്തില്‍ വിരാട് വളരെ എനര്‍ജറ്റിക്കായിരുന്നതിനാല്‍ സ്ലിപ്പുകളില്‍ മികച്ചതായിരുന്നില്ല, എന്നാല്‍ കാലക്രമേണ തന്റെ ക്യാച്ചിങ്ങില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. അവന്‍ ഇപ്പോഴും അങ്ങനെതന്നെയാണ്, എന്നാല്‍ എപ്പോള്‍ ശാന്തമായി ഗ്രൗണ്ടില്‍ നില്‍ക്കണമെന്ന് അദ്ദേഹത്തിന് അറിയാം,”ശ്രീധര്‍ പറഞ്ഞു.
വിരാട് ഒരിക്കലും തളരില്ലെന്നും ഒരിക്കല്‍ പരിശീലനം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ക്ഷീണമുണ്ടോ എന്ന് തന്നോട് വിരാട് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. ആ ഒരു സ്മരണ തന്റെ ശവകല്ലറ വരെ കൊണ്ടുപോകുമെന്നും ശ്രീധര്‍ പറയുന്നു.
‘ഒരു പരിശീലന സെഷനില്‍ ഏകദേശം 100 ക്യാച്ചുകള്‍ എടുത്തിട്ടും അയാള്‍ തളരുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. ഒരിക്കല്‍ ഞാന്‍ അവനോട് പ്രാക്ടീസ് പൂര്‍ത്തിയാക്കാന്‍ പറഞ്ഞു, പക്ഷേ അയാള്‍ക്ക് കൂടുതല്‍ ക്യാച്ചുകള്‍ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അവന്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ക്ക് ക്ഷീണമുണ്ടോ? വിരാട് കോഹ്്ലിയുടെ ഈ സ്മരണ ഞാന്‍ എന്റെ ശവക്കുഴിയിലേക്ക് കൊണ്ടുപോകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരാട് കോഹ്‌ലിയുടെ ഡെഡിക്കേഷന്‍ ക്രിക്കറ്റ് ലോകത്ത് ഒരുപാട് ചര്‍ച്ചകളാകുന്ന കാഴ്ചയാണ്. വളര്‍ന്നുവരുന്ന ഒരുപാട് യുവതാരങ്ങള്‍ക്ക് അദ്ദേഹം എല്ലാ കാര്യത്തിലും ഇന്‍സ്പിറേഷനാണ്.