Kerala News
വീണ ജോര്‍ജിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കി ജെ.പി. നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Friday, 21st March 2025, 1:12 pm

ന്യൂദല്‍ഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കി കേന്ദ്രമന്ത്രി ജെ.പി. നദ്ദ. തിങ്കാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. വീണ ജോര്‍ജ് കൂടിക്കാഴ്ചക്ക് ശ്രമിച്ച വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.

ഇന്നലെ (വ്യാഴം) ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ച്ചക്കായി ദല്‍ഹിയിലെത്തിയെങ്കിലും വീണ ജോര്‍ജിന് അനുമതി ലഭിച്ചിരുന്നില്ല.

നേരത്തെ കൂടിക്കാഴ്ചക്ക് അനുമതി തേടി സംസ്ഥാന മന്ത്രി ദല്‍ഹിയില്‍ രണ്ട് കത്തുകള്‍ നല്‍കിയിരുന്നു. മാര്‍ച്ച് 18, 19 തീയതികളിലാണ് അനുമതി തേടിയിരുന്നത്.

എന്നാല്‍ കൂടിക്കാഴ്ചക്ക് സമയം തേടിയ വിവരം അറിഞ്ഞില്ലെന്ന് പ്രതികരിച്ച ജെ.പി. നദ്ദ അനുമതി നല്‍കുകയായിരുന്നു. ആശമാരുടേത് ഉള്‍പ്പെടെ കേരളത്തിന്റെ നാല് ആവശ്യങ്ങളാണ് സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കുക.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാലായിരിക്കാം കേന്ദ്രമന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതിരുന്നതെന്ന് വീണ ജോര്‍ജ് ഇന്ന് (വെള്ളി) വിശദീകരണം നല്‍കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ 2023 ജൂണില്‍ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിതെന്നും ആരോഗ്യ മേഖലയില്‍ കാന്‍സര്‍ വാക്സിന്‍ ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ സഹകരണമെന്നും വീണ ജോര്‍ജ് പറഞ്ഞിരുന്നു.

സംസ്ഥാന ആരോഗ്യമന്ത്രിക്ക് കൂടിക്കാഴ്ചക്ക് കേന്ദ്രമന്ത്രി അനുമതി നല്‍കിയത് ശരിയായ തീരുമാനമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ പ്രതികരിച്ചു.

നേരത്തെ വീണ ജോര്‍ജിന് അനുമതി നല്‍കാത്തത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അപ്പോയ്മെന്റ് ചോദിച്ചിട്ടും വീണ ജോര്‍ജിന് അനുമതി നല്‍കാതിരുന്നത് തെറ്റായ സമീപനമാണെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

അതേസമയം ആരോഗ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ ആശാ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരുന്നു. ആശമാരുടെ നിരാഹാര സമരം രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്.

വേതനം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.

Content Highlight: JP Nadda grants permission to Veena George for meet