Advertisement
Cricket
അവനിപ്പോൾ ഒരു ടെൻഷനുമില്ല, അതുകൊണ്ട് അവൻ ആ ഐ.പി.എൽ ടീമിൽ തന്നെ കളിക്കും: അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 29, 08:25 am
Thursday, 29th August 2024, 1:55 pm

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനു മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉള്ളത് മുംബൈ ഇന്ത്യന്‍സ് താരങ്ങളുടേതാണ്. അഞ്ച് തവണ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ ടീം ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മുംബൈയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ ടീം വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ രോഹിത് മുംബൈ വിടുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. രോഹിത് മുംബൈ ഇന്ത്യന്‍സ് വിടാന്‍ സാധ്യതയില്ലെന്നാണ് അശ്വിന്‍ പറഞ്ഞത്.

‘ദീര്‍ഘകാലം ഇന്ത്യയെയും മുംബൈ ഇന്ത്യന്‍സിനെയും നയിച്ചതിനാല്‍ രോഹിത്തിന് തലവേദനയൊന്നും ഉണ്ടാവില്ല. മുംബൈയുടെ ക്യാപ്റ്റനല്ലെങ്കിലും അദ്ദേഹം ഒരു ബാറ്ററായി കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ക്രിക്കറ്റില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ചില വലിയ താരങ്ങള്‍ക്കൊന്നും പണം പ്രശ്‌നമല്ല,’ അശ്വിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഐ.പി.എല്ലില്‍ രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയത്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും രോഹിത് കിരീടം ചൂടിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 257 മത്സരങ്ങള്‍ കളിച്ച അനുഭവ പരിചയസമ്പത്തുള്ള താരമാണ് രോഹിത്. ഇതില്‍ 252 ഇന്നിങ്‌സില്‍ നിന്നും 6628 റണ്‍സും ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 43 അര്‍ധസെഞ്ച്വറികളുമാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുള്ളത്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്. എന്നാല്‍ മുംബൈക്കൊപ്പം നിരാശാജനകമായ പ്രകടനമായിരുന്നു ഹര്‍ദിക് നടത്തിയത്.

ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കിരീടം നേടുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുകയും ചെയ്ത ഹര്‍ദിക്കിന് മുംബൈയുടെ നായക സ്ഥാനത്തുനിന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഹര്‍ദിക്കിനെ തേടിയെത്തിയിരുന്നു.

ഹര്‍ദിക്കിന്റെ കീഴില്‍ കഴിഞ്ഞ സീസണില്‍ നാല് മത്സരങ്ങളിൽ മാത്രമാണ് മുംബൈക്ക് വിജയിക്കാന്‍ സാധിച്ചത്. 14 മത്സരങ്ങളില്‍ 10 കളികളും പരാജയപ്പെട്ട് അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്.

 

Content Highlight: R. Ashwin Talks About Rohit Sharma